തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് സി.ബി.ഐ. രജിസ്റ്റർ ചെയ്ത കേസിൽ സിബി മാത്യൂസും ആർ.ബി. ശ്രീകുമാറും ഉൾപ്പടെ പ്രതികൾ. സുപ്രീംകോടതി നിർദേശ പ്രകാരം കേസന്വേഷണം ആരംഭിച്ച സി.ബി.ഐ. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരായിരുന്നവർ ഉൾപ്പെടെ 18 പേരെ പ്രതി ചേർത്താണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രഥമ വിവര റിപ്പോർട്ട് സമർപ്പിച്ചത്. സി.ബി.ഐയുടെ ഡൽഹി യൂണിറ്റാണ് എഫ്.ഐ.ആർ. സമർപ്പിച്ചത്.

ചാരക്കേസ് വിവാദ സമയത്ത് സ്പെഷ്യൽ ബ്രാഞ്ച് സി.ഐ.യും പരാതിക്കാരനുമായിരുന്ന എസ്. വിജയൻ എന്ന സ്മാർട്ട് വിജയനാണ് കേസിലെ ഒന്നാംപ്രതി. അന്നത്തെ വഞ്ചിയൂർ എസ്.ഐ. തമ്പി എസ്. ദുർഗാദത്ത്, സിറ്റി പോലീസ് കമ്മിഷണർ വി.ആർ. രാജീവൻ, ഡി.ഐ.ജി. സിബി മാത്യൂസ്, ഡിവൈ.എസ്.പി കെ.കെ. ജോഷ്വോ, സ്റ്റേറ്റ് ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ രവീന്ദ്രൻ, ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, അസിസ്റ്റന്റ് ഡയറക്ടർ സി.ആർ.ആർ. നായർ, ഡെപ്യൂട്ടി സെൻട്രൽ ഇൻലിജൻസ് ഓഫീസർമാരായ ജി.എസ്. നായർ, കെ.വി. തോമസ്, ജോൺ പുന്നൻ, അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർമാരായ പി.എസ്. ജയപ്രകാശ്, ഡിന്റാ മത്യാസ്, ക്രൈംബ്രാഞ്ച് എസ്.പി. ജി. ബാബുരാജ്, എസ്.ഐ. എസ്. ജോഗേഷ്, ഇന്റലിജൻസ് ബ്യൂറോ ജോയന്റ് ഡയറക്ടർ മാത്യൂ ജോൺ, ഉദ്യോഗസ്ഥനായ ബേബി, സ്റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ വി.കെ. മായ്നി എന്നിവരെയാണ് പ്രതികളാക്കിയത്. കേന്ദ്രസർക്കാർ ജീവനക്കാരനായ നമ്പി നാരായണനടക്കമുള്ളവരെ അപമാനിക്കാനും കുറ്റക്കാരായി പൊതുസമൂഹത്തിന് മുന്നിൽ ചിത്രീകരിക്കാനുമായി വ്യാജരേഖകളും തെളിവുകളും ഉണ്ടാക്കി അന്യായമായി തടങ്കലിൽ പീഡിപ്പിച്ച് കുറ്റസമ്മതം നടത്താൻ പ്രേരിപ്പിച്ചുവെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു.

തുടക്കം മറിയം റഷീദയുടെ അറസ്റ്റിൽനിന്ന്

1994 ഒക്ടോബർ 20-ന് വിസാ കാലാവധി കഴിഞ്ഞ മാലിയിലെ പോലീസ് കോൺസ്റ്റബിളായ മറിയം റഷീദയെ തലസ്ഥാനത്തെ ഒരു സ്വകാര്യ ഹോട്ടലിൽ എസ്. വിജയൻ അറസ്റ്റുചെയ്തതോടെയാണ് കേസിന്റെ തുടക്കം. ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞരായ നമ്പി നാരായണൻ, ഡി. ശശികുമാർ എന്നിവരുടെ സഹായത്തോടെ ക്രയോജനിക് സാങ്കേതിക വിദ്യ മറിയം റഷീദ, സഹായി ഫൗസിയാ ഹസൻ എന്നിവർക്ക് ലഭിച്ചു എന്നായിരുന്നു കേസ്.

അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ., ചാരപ്രർത്തനം നടന്നുവെന്നതിൽ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 1997 ഏപ്രിൽ 30-ന് എറണാകുളം സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ട് അന്നത്തെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഡി. മോഹനരാജൻ അംഗീകരിക്കുകയും സിബി മാത്യൂസ്, ജോഷ്വോ, എസ്. വിജയൻ എന്നിവർക്കെതിരെ നടപടി വേണമെന്ന ശുപാർശയും ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹർജിയിൽ അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. യഥാർഥത്തിൽ നടന്നത് എന്താണെന്ന് അന്വേഷിക്കാനും ഉദ്യോഗസ്ഥർക്കെതിരേ എന്ത് നടപടി വേണമെന്ന് തീരുമാനിക്കാനും ജസ്റ്റിസ് ജയിൻ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണത്തിന് ഇക്കഴിഞ്ഞ ഏപ്രിൽ 15-ന് സുപ്രീം കോടതി ഉത്തരവിട്ടു. തുടർന്നാണ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്.