തിരുവനന്തപുരം: കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴിക്ക് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ ഡിസംബറോടെ പൂർത്തിയാക്കാൻ വ്യവസായ മന്ത്രി പി. രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. പാലക്കാട്, എറണാകുളം ജില്ലകളിലായി പദ്ധതിക്കുവേണ്ടി കണ്ടെത്തിയ 2220 ഏക്കർ ഭൂമി ഏറ്റെടുത്ത് പദ്ധതി നടത്തിപ്പിനുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷന് കൈമാറും. സ്ഥലം ഏറ്റെടുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്.

പാലക്കാട് കണ്ണമ്പ്രയിൽ 312, പുതുശ്ശേരി സെൻട്രലിൽ 600, പുതുശ്ശേരി ഈസ്റ്റിൽ 558, ഒഴലപ്പതിയിൽ 250- ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണെന്ന് പാലക്കാട് കളക്ടർ മൃൺമയി ജോഷി യോഗത്തിൽ അറിയിച്ചു. സ്ഥലം ഏറ്റെടുക്കാനായി 346 കോടി രൂപ കിൻഫ്രയ്ക്ക് നേരത്തേ കൈമാറിയിരുന്നു. ഇടനാഴിയുടെ ഭാഗമായുള്ള ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് എറണാകുളം ജില്ലയിലെ അയ്യമ്പുഴയിൽ 500 ഏക്കർ സ്ഥലം ഏറ്റെടുക്കും. സാമൂഹിക ആഘാത പഠനവും പൂർത്തിയാക്കി. പൊതുജനങ്ങളിൽനിന്നുള്ള തെളിവെടുപ്പ് ജൂലായ് 8, 9, 10 തീയതികളിൽ നടക്കുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.