തൃശ്ശൂർ: കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട അഞ്ച്‌ ഉപകരണങ്ങളുടെ വില നിയന്ത്രിക്കുന്നതിന് തുടർനടപടികളുമായി ദേശീയ ഔഷധവിലനിയന്ത്രണസമിതി. 631 ബ്രാൻഡുകളുടെ വിലയാണ് സമിതി പ്രഖ്യാപിച്ചത്. അമിതലാഭം ഈടാക്കുന്നുവെന്ന പരാതിയിൽ ഇവയുടെ വ്യാപാരക്കമ്മിഷൻ 70 ശതമാനമായി നിജപ്പെടുത്തിയിരുന്നു.

ഇതിനെത്തുടർന്ന് ഈ ഉപകരണങ്ങളുടെ വിവിധതലങ്ങളിലെ വിലകൾ സംബന്ധിച്ച് വിശദവിവരങ്ങളും സമിതി തേടി. പൾസ് ഓക്‌സിമീറ്ററിന്റെ 156 ബ്രാൻഡുകളുടെ വിലയാണ് നിശ്ചയിച്ചത്. 489 മുതൽ 60,000 രൂപവരെ വിലയുള്ളവയുണ്ട്. മെട്രിക്സ് സെല്ലുലാറിന്റെ യോബെക്കോൺ ഓക്സിമീറ്ററിന് നേരത്തേ 2550 രൂപയായിരുന്നത് 489 രൂപയായി. ഷില്ലർ ഹെൽത്ത് കെയറിന്റെ ഉപകരണത്തിന് 60,000 രൂപതന്നെയായിരുന്നു വില. രക്തസമ്മർദത്തെ വിലയിരുത്താനുള്ള ഉപകരണത്തിന്റെ 216 ബ്രാൻഡുകൾക്കാണ് വില നിശ്ചയിച്ചിട്ടുള്ളത്. 470 രൂപ മുതൽ മൂന്നുലക്ഷം രൂപവരെ വിലയുള്ളവയാണിതിൽ. 137 നെബുലൈസർ ബ്രാൻഡുകളുടെ വിലയാണിപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. പീഡിയാട്രിക് ഉപയോഗത്തിനുള്ളതിന് 340 രൂപയായിരുന്നത് 59 ആക്കിയിട്ടുണ്ട്.

ഡിജിറ്റൽ തെർമോമീറ്ററുകളിൽ 88 ബ്രാൻഡുകളുടെ വിലയാണ് സമിതി വെളിപ്പെടുത്തിയിരിക്കുന്നത്. 195 രൂപ വിലയുണ്ടായിരുന്ന എക്സ്ട്രാകെയർ ബ്രാൻഡിന് 87.30 രൂപയാക്കി. ഡോ. മോർപ്പെൻ എൻ.സി.ടി. 02 തെർമോമീറ്ററിന് 7,999 രൂപയായിരുന്നത് 7,750 ആക്കി. രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്ന ഗ്ലൂക്കോമീറ്ററുകളുടെ 34 ബ്രാൻഡുകളാണ് പട്ടികയിൽ. അബട്ടിന്റെ എഫ്.എസ്. പ്രോ-റീഡർ, റീഡർ എന്നിവയ്ക്ക് 5,499 രൂപയായിരുന്നു വില. ഇത് നിലനിർത്തി. മെഡ്സോഴ്‌സ് ഓസോണിന്റെ ഓസോചെക്ക് ബ്രാൻഡിന്റെ വില 600 രൂപയിൽനിന്ന് 119 ആക്കിയിട്ടുണ്ട്.