തൃശ്ശൂർ: സി.പി.എം. ഭരിക്കുന്ന കരുവന്നൂർ സഹകരണബാങ്കിലെ അഴിമതിയിൽനിന്ന് മുഖം രക്ഷിക്കാൻ പാർട്ടി നടപടിക്കൊരുങ്ങുന്നു. ബാങ്ക് തട്ടിപ്പുകേസിൽ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ പാർട്ടി ഏരിയാ-ലോക്കൽ കമ്മിറ്റികൾക്കെതിരേ കർശനനടപടിക്കൊരുങ്ങുകയാണ് ജില്ലാ കമ്മിറ്റി. പൊറത്തിശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയും ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയും പിരിച്ചുവിടുമെന്നാണ് സൂചന. ഇതിനായി ഞായറാഴ്‌ച തൃശ്ശൂർ ജില്ലാ സെക്രട്ടേറിയറ്റ് അടിയന്തരയോഗം ചേരും. വിഷയം കൈകാര്യംചെയ്തതിൽ ജില്ലാനേതൃത്വത്തിന് വീഴ്‌ച സംഭവിച്ചു എന്ന വിമർശനം ശക്തമാകുന്നുണ്ട്.

ഒന്നാംപ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.ആർ. സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. രണ്ടാംപ്രതിയായ മാനേജർ എം.കെ. ബിജു കരീം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയിലും സീനിയർ അക്കൗണ്ടൻറ് സി.കെ. ജിൽസ് തൊടുപറമ്പ് ബ്രാഞ്ചിലും അംഗമാണ്. പ്രതികളെല്ലാം ഒളിവിലാണ്.

ബിജു കരീം, കമ്മിഷൻ ഏജൻറ് ബിജോയ് എന്നിവർ മുഖേന കമ്മിഷൻ നിരക്കിലാണ് വൻകിട ലോണുകൾ നൽകിയതെന്നും തേക്കടിയിലെ റിസോർട്ടിനായാണ് പണം ശേഖരിച്ചതെന്നുമുള്ള ആരോപണമുയർന്നിരുന്നു. ബിജു കരീമും ബിജോയിയും 46 ലോണുകളിൽനിന്ന് 50 കോടിയിലധികം രൂപയാണ് തട്ടിയത്.

അതേസമയം, ബിജു കരീമിന്റെയൊപ്പമുള്ള മുൻമന്ത്രി എ.സി. മൊയ്തീന്റെ ചിത്രം പുറത്തുവന്നത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. ബാങ്ക്തട്ടിപ്പ് പ്രതികളുടെ ഭാര്യമാർക്ക് പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിരുന്നു.

2019 ജനുവരി 20-നാണ് ഈ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. തട്ടിപ്പുകേസിലെ പ്രതി ബിജു കരീം ബന്ധുവാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബിജു കരീമിനെ അറിയില്ലെന്നും എ.സി. മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു. സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ച എ.സി. മൊയ്തീൻ ബി.ജെ.പി. കാടടച്ചു വെടിവെക്കുകയാണെന്നും പറഞ്ഞു.