ചങ്ങനാശ്ശേരി: എസ്.ബി.കോളേജ് പൂർവവിദ്യാർഥി മഹാസമ്മേളനം 26-ന് വൈകീട്ട് ആറിന് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് സമ്മേളനം. ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എം.മാത്യു അധ്യക്ഷത വഹിക്കും. ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും. മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് കോച്ചേരി, മാർ തോമസ് തറയിൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.

നിയമസഭാ സാമാജികനായി 50 വർഷം പൂർത്തിയാക്കുന്ന മുൻമുഖ്യമന്ത്രിയും പൂർവവിദ്യാർഥിയുമായ ഉമ്മൻചാണ്ടിയെ ആദരിക്കും. കോളേജിൽനിന്ന് വിരമിക്കുന്നവരെ മാനേജർ ഫാ. തോമസ് പാടിയത്ത് ആദരിക്കും. പ്രിൻസിപ്പൽ ഡോ. ജേക്കബ് മാത്യു സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യും. സംഘാടകസമിതി യോഗം പ്രിൻസിപ്പൽ ഡോ. ജേക്കബ് മാത്യു ഉദ്ഘാടനം ചെയ്തു.