നെടുങ്കണ്ടം: ഇടുക്കി ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികൾക്കിടയിൽ വിതരണത്തിനെത്തിച്ച മൂന്നുലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറുപേർ പിടിയിൽ. ജില്ലാ പോലീസിന്റെ നാർക്കോട്ടിക് സ്‌ക്വാഡും കമ്പംമെട്ട് പോലീസും നടത്തിയ നീക്കത്തിലാണ് അന്തസ്സംസ്ഥാന കള്ളനോട്ടുവിതരണ സംഘം പിടിയിലായത്. ഇവരിൽ ഒരു മലയാളിയും അഞ്ച് തമിഴ്‌നാട് സ്വദേശികളുമുണ്ട്.

സംഘം സഞ്ചരിച്ച വാഹനത്തിലെ രഹസ്യ അറയിൽനിന്നും പുറകെയെത്തിയ ബൈക്കിൽനിന്നുമാണ് കള്ളനോട്ട് കണ്ടെത്തിയത്. കോയമ്പത്തൂർ സ്വദേശികളായ ചുരുളി (32), ചിന്നമന്നൂർ മഹാരാജൻ (32), കുമളി സ്വദേശി സെബാസ്റ്റ്യൻ (42), കമ്പം സ്വദേശി മണിയപ്പൻ (30), വീരപാണ്ടി സ്വദേശി പാണ്ടി (53), ഉത്തമപാളയം സ്വദേശി സുബയ്യൻ (53) എന്നിവരാണ് പിടിയിലായത്.

എസ്.പി. ആർ.കറുപ്പുസ്വാമി, നാർക്കോട്ടിക്ക് ഡിവൈ.എസ്.പി. എ.ജി.ലാൽ, കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ്‌മോഹൻ, കമ്പംമെട്ട് സി.ഐ. ജി.സുനിൽകുമാർ തുടങ്ങിയവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതികളെ കോടതിയിൽ ഹാജരാക്കി.