തിരുവനന്തപുരം: യാക്കോബായ സഭ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം 25-ാം ദിവസത്തിലേക്ക്. ഞായറാഴ്ച നടന്ന ഇരുപത്തി നാലാം ദിവസത്തെ സമരം ബെംഗളൂരു ഭദ്രാസന സൺഡേ സ്‌കൂൾ വിദ്യാർഥികളുടെ പ്രതിനിധി ജേക്കബ് ജോൺ ഉദ്ഘാടനംചെയ്തു.
സഹനസമരം ജനറൽ കൺവീനർ തോമസ് മോർ അലക്‌സന്ത്രയോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സെയ്ന്റ് പീറ്റേഴ്‌സ് കത്തീഡ്രലിലെയും പോങ്ങുംമൂട് സെയ്ന്റ് മേരീസ് യാക്കോബായ ദേവാലയത്തിലെയും വൈദികരും വിശ്വാസികളും ഞായറാഴ്ചത്തെ സമരത്തിനു നേതൃത്വംനൽകി.
സഹനസമരം സെക്രട്ടറി ഫാ. ജോൺ ഐപ്പ്, ഫാ. സഖറിയ കളരിക്കാട്, ഫാ. അരുൺ ബോസ്, ഡീക്കൻ രഞ്ജി ഇ.ജോൺ, പി.സി.കുര്യൻ, ഐ.സാമുവൽ, രഞ്ജിനി ബാബു എന്നിവർ പ്രസംഗിച്ചു.
മൂന്ന് നോമ്പ്: സമരമില്ല
25, 26, 27 തീയതികളിൽ സഭ മൂന്നുനോമ്പ് അനുഷ്ഠിക്കുന്നതിനാൽ ഈ ദിവസങ്ങളിൽ പ്രതിഷേധ സമരം ഒഴിവാക്കിയതായി ഫാ. തോമസ് പൂതിയോട്ട്, ഡോ. കോശി എം. ജോർജ് എന്നിവർ അറിയിച്ചു. സെയ്ന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ നടത്തുന്ന സമരപരിപാടികൾ പ്രാർഥനാ യജ്ഞമായി നടത്തുമെന്ന് സഭാ സമിതികളും സമരസമിതിയും സംയുക്തമായി തീരുമാനിച്ചതായും അവർ അറിയിച്ചു.