കാസർകോട്: ദേശീയപാത 66-ൽ തലപ്പാടിമുതൽ ചെങ്കളവരെയുള്ള 39 കിലോമീറ്റർ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. ഭാരത് മാല പദ്ധതിയിൽ പെടുന്ന ഈ റോഡ് പതിനഞ്ചുവർഷത്തെ പരിപാലനംകൂടി ഉൾപ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണ്‌ വികസിപ്പിക്കുന്നത്.

അന്താരാഷ്ട്ര ടെൻഡറിൽ പങ്കെടുത്ത അഹമ്മദബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബദ് കേന്ദ്രമായി പ്രവർത്തിക്കുന്ന മേഘ, കെ.എൻ.ആർ. ഗ്രൂപ്പുകൾ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കൽ സൊസൈറ്റി കരാർ നേടിയെടുത്തത്.

ആദ്യ റീച്ചിന്റെ കരാർ 1704.125 കോടി രൂപയ്ക്കാണ്‌ സൊസൈറ്റിക്ക്‌ ലഭിച്ചത്. ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടെൻഡറിനെക്കാൾ 132 കോടി രൂപ കുറവാണിത്. അദാനി ഗ്രൂപ്പ് 1836.49 കോടി രൂപയും മേഘ ഗ്രൂപ്പ് 1965.99 കോടി രൂപയും കെ.എൻ.ആർ. ഗ്രൂപ്പ് 2199.00 കോടി രൂപയുമാണ്‌ ക്വാട്ട് ചെയ്തത്.

രണ്ടുവർഷമാണ്‌ നിർമാണക്കാലാവധി. 1268.53 കോടിയാണ് എസ്റ്റിമേറ്റ് തുക. കരാറിന്റെ 40 ശതമാനം തുകയേ നിർമാണസമയത്ത്‌ ലഭിക്കൂ. ബാക്കി 15 വർഷംകൊണ്ട്‌ 30 ഗഡുക്കളായാണ്‌ നല്കുക. നിർമാണത്തിന്റെ 60 ശതമാനം തുക കരാറുകാരായ സൊസൈറ്റി കണ്ടെത്തണം. ഇതിന്റെ പലിശയും സൊസൈറ്റി വഹിക്കണം.

ദേശീയപാതാ അതോറിറ്റിയുടെ കരാറിൽ ആദ്യമായാണ് ഊരാളുങ്കൽ സൊസൈറ്റി തനിച്ച്‌ പങ്കെടുക്കുന്നതും കരാർ നേടുന്നതും.