അടൂർ: വേദന കടിച്ചമർത്തി ഒന്നു മുരളാൻ പോലും കഴിയാതെ ആശുപത്രിയിൽ കിടക്കുമ്പോഴും രക്ഷിക്കാൻ ശ്രമിച്ചവർ വിചാരിച്ചിരുന്നു ആ നായ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന്. പക്ഷേ, മണിക്കൂറുകൾക്കുശേഷം സഹായിച്ചവരെ ഒരുനോക്കുപോലും കാണാനാവാതെ ആ തെരുവുനായ വിട പറഞ്ഞു. അടൂർ ഗവ. ആശുപത്രിക്കു സമീപം വാഹനമിടിച്ച് പരിക്കേറ്റു കിടന്ന തെരുവുനായയെ രക്ഷിക്കാനുള്ള രണ്ടു യുവാക്കളുടെ ശ്രമവും ഇതോടെ വിഫലമായി.

ബുധനാഴ്ച രാവിലെ ഒൻപതോടുകൂടിയാണ് നായയെ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ റോഡരികിൽ കണ്ടത്. നിരവധി വഴിയാത്രക്കാരും വാഹനയാത്രികരും കണ്ടെങ്കിലും രക്ഷിക്കാൻ ശ്രമിച്ചില്ല. ഒടുവിൽ സമീപത്തെ എസ്.ബി. ബുക്ക്സ്റ്റാൾ ഉടമ സുരേഷ് ബാബു നായയുടെ ദയനീയാവസ്ഥ കണ്ട് പലരെയും സഹായത്തിനായി ബന്ധപ്പെട്ടു. പക്ഷേ, ആരും എത്തിയില്ല. ഒടുവിൽ ഡി.വൈ.എഫ്.ഐ. അടൂർ ബ്ലോക്ക് സെക്രട്ടറി അഖിൽ പെരിങ്ങനാടനെയും അഫ്സൽ ബദറിനെയും വിവരം അറിയിച്ചു.

യുവാക്കൾ എത്തി ഉടൻതന്നെ നായയെ ഓട്ടോറിക്ഷയിൽ കയറ്റി അടൂർ നഗരസഭ വെറ്ററിനറി പോളി ക്ലിനിക്കിൽ എത്തിച്ചു. കുടലും ഗർഭപാത്രവും പുറത്തുവന്ന നിലയിലായിരുന്നു. ഉടൻതന്നെ വെറ്ററിനറി സർജൻ ഡോ. സായിപ്രസാദിന്റെ നേതൃത്വത്തിൽ ഒന്നരമണിക്കൂറത്തെ ശസ്ത്രക്രിയകൾക്കുശേഷം കുടലും ഗർഭപാത്രവും വയറിനുള്ളിലാക്കി. ജീവൻ തിരിച്ചുപിടിക്കാനുള്ള ആദ്യശ്രമം വിജയിച്ചുവെന്ന ആശ്വാസം. പക്ഷേ, തുടയെല്ല് പൊട്ടിയതിനാൽ അടിയന്തര ചികിത്സക്കായി കൊല്ലം ജില്ലാ വെറ്ററിനറി ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടർ നിർദേശിച്ചു. ഉടൻതന്നെ അഖിലും അഫ്സലും ആ ദൗത്യവും ഏറ്റെടുത്തു. മദർ തെരേസ പെയ്ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആംബുലൻസ് എത്തിച്ച് കൊല്ലം ജില്ലാ വെറ്ററിനറി ആശുപത്രിയിലെത്തിച്ചു. അവിടെയെത്തിയെങ്കിലും ഡോക്ടർ മറ്റൊരു ശസ്ത്രക്രിയയുടെ തിരക്കിലായിരുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഉച്ചയ്ക്ക് രണ്ടിന് നായ ചത്തുവെന്ന് അഖിൽ പെരിങ്ങനാടൻ പറഞ്ഞു. നായയെ പിന്നീട് അടൂരിൽ എത്തിച്ച് മറവ് ചെയ്തു. വാഹനം കയറിയിറങ്ങിയതിനാൽ പരിക്ക് ഗുരുതരമായിരുന്നു. ഇതാണ് മരണത്തിനിടയാക്കിയതെന്ന് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രം സർജൻ ഡോ. അജിത്ത് പറഞ്ഞു.