പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരേ നടന്ന സമരവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ രജിസ്റ്റർചെയ്തത് 205കേസുകൾ. ഭൂരിപക്ഷവും ക്രിമിനൽ സ്വഭാവമില്ലാത്തതാണ്. ഏറ്റവും കൂടുതൽ പ്രതികളുള്ളത് ഒക്ടോബർ 17-ന് നിലയ്ക്കലിൽ നടന്ന സമരവുമായി ബന്ധപ്പെട്ട കേസിലാണ്. കണ്ടാലറിയാവുന്നവരുൾപ്പെടെ 1000 പേരെയാണ് ഇതിൽ പ്രതിചേർത്തത്.അന്ന് സ്ഥലത്തുനിന്ന് പിടിയിലായവരിൽ ശബരിമല ദർശനത്തിനെത്തിയവരും ഉൾപ്പെട്ടിട്ടുണ്ട്.ഇവരിൽ മിക്കവർക്കും മാസങ്ങൾക്ക് ശേഷമാണ് ജാമ്യം കിട്ടിയത്. ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. 34 കേസുകളാണ് ഇദ്ദേഹത്തിനെതിരേയുള്ളത്.

2018 ഒക്ടോബർ 2-ന് പന്തളത്താണ് നാമജപ പ്രതിഷേധങ്ങളുടെ തുടക്കം. തുടർന്നാണ് ലോകമെമ്പാടും അയ്യപ്പഭക്തർ നാമജപഘോഷയാത്രകൾ നടത്തിയത്.ജില്ലയിൽ നാമജപഘോഷയാത്രകളുടെ പേരിലെടുത്ത കേസുകൾ 50-ൽ താഴെയാണ്. സമാധാനപരമായി സമരംചെയ്ത സ്ത്രീകൾ അടക്കം നിരവധി പേർ പ്രതിചേർക്കപ്പെട്ടു. ജില്ലയിൽ രജിസ്റ്റർചെയ്ത കേസുകളിലധികവും ജനുവരി ഒന്നിലെ സ്ത്രീപ്രവേശനത്തിന് ശേഷമുള്ള സംഭവങ്ങളിലാണ്.പ്രതികളായിട്ടുള്ളതിൽ മിക്കവരും സംഘപരിവാർ പ്രവർത്തകരും.

സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നീ സ്റ്റേഷനുകളിലായി 79 കേസുകളാണുള്ളത്. പമ്പയിൽ മാത്രം 38 കേസുകളുണ്ട്. നിലയ്ക്കലിലെ നിരോധനാജ്ഞ ലംഘനത്തിൽ മിക്ക ബി.ജെ.പി. സംസ്ഥാന നേതാക്കളും കെ.പി.ശശികല ഉൾപ്പെടെയുള്ള ഹിന്ദു സംഘടനാ ഭാരവാഹികളും പ്രതികളാണ്. പി.കെ.കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ, എം.ടി.രമേശ്, ബി.ഗോപാലകൃഷ്ണൻ എന്നിവരടക്കമുള്ള നിരവധി ബി.ജെ.പി നേതാക്കൾക്കെതിരേ ജില്ലയിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേസുകളുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ബെന്നി ബെഹനാൻ എന്നിവരുൾപ്പെടെയുള്ള യു.ഡി.എഫ്. നേതാക്കളും നിരോധനാജ്ഞ ലംഘനത്തിൽ പ്രതികളാണ്.

സന്നിധാനം സ്റ്റേഷനിൽ 10 കേസുകളാണുള്ളത്. ഇതിലേറെയും നിരോധനാജ്ഞ ലംഘിച്ചതിനെതിരേയാണ്. ചിത്തിര ആട്ടവിശേഷ വേളയിൽ സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ സംഭവമാണ് സന്നിധാനത്ത് രജിസ്റ്റർ ചെയ്ത കേസിൽ പ്രധാനം. ബി.ജെ.പി.സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കൂടി ഉൾപ്പെട്ട ഇൗ കേസിൽ ഗൂഢാലോചനാക്കുറ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്.

സമരകാലത്ത് ജില്ലയിലുണ്ടായത് രണ്ട് മരണങ്ങളാണ്. നിലയ്ക്കൽ പ്രതിഷേധത്തിൽ പങ്കെടുത്ത പന്തളം സ്വദേശി ശിവദാസൻ ആചാരിയുടെ മൃതദേഹം കൊക്കയിൽ നിന്ന് കണ്ടെടുത്തപ്പോൾ, പന്തളത്ത് ചന്ദ്രൻ ഉണ്ണിത്താൻ കല്ലേറുകൊണ്ടാണ് മരിച്ചത്. ആദ്യ സംഭവത്തിൽ ആരോപണം പോലീസിനെതിരേയാണെങ്കിൽ ഉണ്ണിത്താന്റെ മരണത്തിൽ സി.പി.എം.പ്രവർത്തകരാണ് പ്രതിചേർക്കപ്പെട്ടിട്ടുള്ളത്. ഇരു കേസിലും മരണം സംബന്ധിച്ച് പോലീസ് എടുത്ത നിലപാട് വിവാദമായി തുടരുകയാണ്.

ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ

പമ്പ-38, അടൂർ-32, പന്തളം-16, നിലയ്ക്കൽ-13, സന്നിധാനം-10, കൊടുമൺ-10, കോന്നി-4, കൂടൽ-1, ചിറ്റാർ-3, റാന്നി-8, പെരുനാട്-3, പത്തനംതിട്ട-14, മലയാലപ്പുഴ-2, ആറൻമുള-17, ഏനാത്ത്-4, പെരുമ്പെട്ടി-4, തിരുവല്ല-9, കീഴ്‌വായ്‌പൂര്‌-4, കോയിപ്രം-10, വടശേരിക്കര-3.

10 കേസുകളിൽ അന്വേഷണം പൂർത്തിയായില്ല

ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നിലവിലുള്ള 10 ക്രിമിനൽ കേസുകളിൽ അന്വേഷണം പൂർത്തിയായില്ല. ഇതിൽ 92 പ്രതികളുണ്ട്. അഞ്ച് കേസുകൾ ജാമ്യം ലഭിക്കുന്നവയും ബാക്കി ജാമ്യം കിട്ടാത്തവയുമാണ്.