തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുമുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികളുമായി കഴിഞ്ഞദിവസം നടന്ന ഉദ്യോഗസ്ഥതല സമിതിയുടെ നടപടികൾ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ് ഉദ്യോഗാർഥികളുമായി ചർച്ചനടത്തിയത്. ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ തീരുമാനമുണ്ടാകുമെന്നായിരുന്നു ഉദ്യോഗാർഥികളുടെ പ്രതീക്ഷ.

വിവിധ വകുപ്പുകളിലായി മുന്നൂറിലധികം തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. എന്നാൽ, ഇത് സമരംചെയ്യുന്ന ഉദ്യോഗാർഥികൾക്ക് പ്രയോജനം ചെയ്യില്ല. വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യാൻ മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.