തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമാണം നിശ്ചിതകാലയളവിൽ പൂർത്തിയാകാത്തതിൽ അദാനി ഗ്രൂപ്പും വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസിൽ)യുമായുണ്ടായ തർക്കം പരിഹരിക്കാനാകാത്തതിനാൽ, വിഷയത്തിൽ ആർബിട്രേറ്ററെ നിയമിക്കാൻ സർക്കാർ തീരുമാനം. സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് കുര്യൻ ജോസഫിനെ സർക്കാരും ജസ്റ്റിസ് കെ.എസ്.പി. രാധാകൃഷ്ണനെ അദാനി ഗ്രൂപ്പും ആർബിട്രേറ്റർമാരായി നിയമിച്ചു. ഇവർ രണ്ടുപേരും ചേർന്ന് പ്രിസൈഡിങ് ആർബിട്രേറ്ററെ നിശ്ചയിച്ചശേഷം ഇക്കാര്യത്തിൽ മൂന്നംഗ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിക്കും.

പരമാവധി ഒന്നര വർഷത്തിനുള്ളിൽ ട്രൈബ്യൂണൽ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്തും. ട്രൈബ്യൂണൽ നിശ്ചയിക്കുന്ന ഫീസും മറ്റ് ചെലവുകളും ഇരു കക്ഷികളും ചേർന്നു നൽകും.

2015 ഡിസംബർ അഞ്ചിനാണ് അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം ആരംഭിച്ചത്. 2019 ഡിസംബർ മൂന്നിനാണ് ആദ്യഘട്ടം നിർമാണം പൂർത്തിയാക്കേണ്ടത്. ഇതിനുശേഷം ഒൻപത് മാസംകൂടി അധികകാലാവധിയുമുണ്ട്. ഇതിൽ ആദ്യത്തെ മൂന്നുമാസത്തിനുശേഷം നിർമാണം പൂർത്തിയായില്ലെങ്കിൽ സർക്കാരിന് കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാം. ഒരു ദിവസം 12 ലക്ഷം രൂപയാണ് നഷ്ടപരിഹാരം. ഇക്കാലയളവിലും നിർമാണം പൂർത്തിയായില്ലെങ്കിൽ പിഴ ഈടാക്കി നിർമാണം തുടരാൻ അനുവദിക്കാനോ കരാർ റദ്ദാക്കാനോ സർക്കാരിന് അധികാരമുണ്ട്.

കരാർപ്രകാരം നിർമാണം പൂർത്തിയാക്കാത്തതിനാൽ അദാനി ഗ്രൂപ്പിന് 2020 മാർച്ച് 3-ന് വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖകമ്പനി നോട്ടീസ് നൽകി. പണി വൈകാൻ അദാനി ഗ്രൂപ്പ് പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാൻ വിഴിഞ്ഞം തുറമുഖ കമ്പനി തയ്യാറായിട്ടില്ല.

7700 കോടിയുടെ പൊതു-സ്വകാര്യ (പി.പി.പി.) പദ്ധതിയായ തുറമുഖ നിർമാണം ഇപ്പോഴും മുന്നോട്ടുപോവുന്നുണ്ട്. തുറമുഖ നിർമാണത്തിനായി 292 കോടി ഇതുവരെ സർക്കാർ അദാനി ഗ്രൂപ്പിന് നൽകിയിട്ടുണ്ട്.