ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തിരുവനന്തപുരം പ്രസംഗത്തിലെ പരാമർശങ്ങളെച്ചൊല്ലി രാഷ്ട്രീയത്തർക്കം. തെക്ക്-വടക്ക് പരാമർശം ഗാന്ധി കുടുംബത്തിന്റെ വിഭജനരാഷ്ട്രീയമാണെന്ന് ആരോപിച്ച് ബി.ജെ.പി. ബുധനാഴ്ചയും രംഗത്തെത്തി. ബി.ജെ.പിയുടെ റിക്രൂട്ട്മെന്റ് ഏജന്റിന്റേതു പോലെയാന് രാഹുലിന്റെ പ്രസംഗമെന്നായിരുന്നു സി.പി.എമ്മിന്റെ വിമർശനം.

ചൊവ്വാഴ്ച ഐശ്വര്യകേരളയാത്രയുടെ സമാപനച്ചടങ്ങിൽ രാഹുൽ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. രാഹുൽ രാജ്യത്തെ തെക്ക്-വടക്ക് എന്ന നിലയിൽ വിഭജിക്കുകയാണെന്ന് ആരോപിച്ച് ചൊവ്വാഴ്ച വൈകീട്ടുതന്നെ ബി.ജെ.പി. ദേശീയനേതൃത്വം പ്രചാരണം തുടങ്ങിയിരുന്നു. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കുപിന്നാലെ കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, രവിശങ്കർ പ്രസാദ്, സ്മൃതി ഇറാനി തുടങ്ങിയവർ വിമർശനം തുടർന്നു.

ഇന്ത്യക്കാരെ അപമാനിക്കൽ രാഹുൽ ഗാന്ധിയുടെ ഇഷ്ടപ്പെട്ട വിനോദമാണെന്ന് ജാവഡേക്കർ കുറ്റപ്പെടുത്തി. രാഹുൽ രാജ്യത്തെ വേർതിരിച്ചു കാണുകയാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദും ആരോപിച്ചു. രാഹുലിന്റെ പ്രസംഗത്തെ വളച്ചൊടിച്ച് തെക്ക്-വടക്ക് വിഭജനമെന്ന ടൂൾകിറ്റ് വിൽക്കാൻ നോക്കുകയാണ് ബിജെ.പിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല തിരിച്ചടിച്ചു.

രാഹുലിന്റെ പരാമാർശം

15 വർഷം ഞാൻ വടക്കെ ഇന്ത്യയിൽ എം.പി.യായിരുന്നു. കേരളത്തെ അപേക്ഷിച്ച് അവിടത്തെ രാഷ്ട്രീയം വ്യത്യസ്തമാണ്. ഇവിടെയുള്ളവർ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നവരാണ്.