എടപ്പാൾ: മേൽപ്പാലം പണിക്കായി എടപ്പാൾ-കുറ്റിപ്പുറം റോഡ് വ്യാഴാഴ്ച പകൽ പൂർണമായി അടയ്ക്കും. ഇവിടുത്തെ വലിയ ബീമുകളുടെ കോൺക്രീറ്റ് ജോലികളും പാലത്തിന്റെ വശത്തിലെ ഭിത്തി നിർമാണത്തിനുമായാണ് എട്ടുമുതൽ ആറുവരെ ഗതാഗതം തടയുന്നത്.

തൃശ്ശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ദീർഘദൂര ബസുകളടക്കമുള്ള വാഹനങ്ങൾ എടപ്പാളെത്തും മുൻപുള്ള നടുവട്ടം സെന്ററിൽനിന്ന് അയിലക്കാട് റോഡിലൂടെ കരിങ്കല്ലത്താണി-ചമ്രവട്ടം-മിനി പമ്പ വഴിയോ എടപ്പാൾ ടൗണിൽനിന്ന് പൊന്നാനി റോഡിലേക്ക്‌ തിരിഞ്ഞ് പഴയ ബ്ലോക്ക്-അയങ്കലം-കുറ്റിപ്പുറം വഴിയോ പോകണം. ചെറുവാഹനങ്ങൾക്ക് അയിലക്കാട്-തലമുണ്ട വഴി തിരിഞ്ഞ് പൊന്നാനി റോഡിലെത്തി പഴയ ബ്ലോക്ക് ജങ്ഷൻ വഴിയും പോകാം.

തൃശ്ശൂർ ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ നടുവട്ടം-ടിപ്പുസുൽത്താൻ പാതയിലൂടെ കൂനംമൂച്ചിയിലോ വട്ടംകുളത്തെ പ്രവേശിച്ച് യാത്രതുടരാം.

കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂർ-ഗുരുവായൂർ ഭാഗങ്ങളിലേക്കുള്ള വലിയ വാഹനങ്ങളടക്കമുള്ളവ നിലവിൽ നിശ്ചയിച്ചതുപോലെ മാണൂരിൽനിന്നോ, കണ്ടനകത്തുനിന്നോ തിരിഞ്ഞ് ചേകന്നൂർ, വട്ടംകുളം, എടപ്പാൾ വഴി പോകണം.