കൊച്ചി: സംസ്ഥാനത്ത്‌ മാനസികാരോഗ്യ അതോറിറ്റിയും ബോർഡും പ്രവർത്തനക്ഷമമാക്കാനുള്ള കേന്ദ്രവിഹിതം രണ്ടുമാസത്തിനകം നൽകണമെന്ന്‌ ഹൈക്കോടതി. കേന്ദ്ര മാനസികാരോഗ്യ അതോറിറ്റിക്കാണ്‌ കേന്ദ്രസർക്കാർ തുക നൽകേണ്ടത്‌. കേന്ദ്ര അതോറിറ്റിയുടെ കൈവശം തുക ലഭിച്ചാലുടൻ കേരളത്തിലെ സംസ്ഥാന അതോറിറ്റിക്കുള്ള വിഹിതം നൽകണം.

റിവ്യൂ ബോർഡുകളിലെ അധ്യക്ഷൻ, അംഗങ്ങൾ, ഓഫീസർമാർ, മറ്റു ജീവനക്കാർ എന്നിവർക്കുള്ള ശമ്പളം, അലവൻസ്‌ തുടങ്ങി നിയമപ്രകാരം നിർവഹിക്കേണ്ട ചുമതലയാണ്‌ കേന്ദ്രം പാലിക്കേണ്ടത്‌. കേരള നിയമസേവന അതോറിറ്റി (കെൽസ) നൽകിയ പൊതുതാത്‌പര്യഹർജി തീർപ്പാക്കിയാണ്‌ ചീഫ്‌ ജസ്റ്റിസ്‌ എസ്‌. മണികുമാർ, ജസ്റ്റിസ്‌ ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്‌. രൂപവത്‌കരണത്തിലെ താമസം ഗുണഭോക്താക്കളെ ബാധിക്കുന്നുവെന്നാണ്‌ കെൽസ ബോധിപ്പിച്ചത്‌. ബോർഡുകൾ നിലവിൽവരാത്തത്‌ മാനസികാരോഗ്യ മേഖലയിൽ വിഷമം സൃഷ്ടിക്കുന്നുവെന്നും ബോധിപ്പിച്ചു.

ബോർഡ്‌ രൂപവത്‌കരണത്തിന്‌ അനുമതി നൽകിയിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിട്ടുണ്ട്‌.