കൊച്ചി: മലബാർ സിമന്റ്സ് അഴിമതിക്കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമ്പനിയുടെ മുൻ ലീഗൽ ഓഫീസർ പ്രകാശ് ജോസഫ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ അന്തിമ റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ എഫ്.ഐ.ആർ. റദ്ദാക്കുന്നത് ഉചിതമല്ലെന്നു വ്യക്തമാക്കിയാണ് ജസ്റ്റിസ് ആർ. നാരായണ പിഷാരടി ഹർജി തള്ളിയത്. ഹർജിക്കാരന് അന്തിമ റിപ്പോർട്ടിനെ ചോദ്യംചെയ്ത് ഉചിതമായ നിയമനടപടി സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി.

മലബാർ സിമന്റ്സിലേക്ക് ഫ്ളൈ ആഷ് ഇറക്കുമതി ചെയ്യാനുള്ള കരാറിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് ആരോപിച്ച് എ.ആർ.കെ. വുഡ് ആൻഡ് മെറ്റൽസ് 50 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി പിൻവലിച്ചതു മലബാർ സിമന്റ്സിനു നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. പ്രകാശ് ജോസഫ്, എം.ഡി.യായിരുന്ന എം. സുന്ദരമൂർത്തി എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. വ്യവസായിയും എ.ആർ.കെ. വുഡ് ആൻഡ് മെറ്റൽസ് കമ്പനി എം.ഡി.യുമായ വി.എം. രാധാകൃഷ്ണൻ, എക്സിക്യുട്ടീവ് ഡയറക്ടർ വടിവേൽ എന്നിവരാണ് മറ്റു പ്രതികൾ.