കൊച്ചി: ഒടുവിൽ ആ ഒഴിവ് ഊർജവകുപ്പിന്റെ കണ്ണിൽ ‘തെളിഞ്ഞു’. സംസ്ഥാന റെഗുലേറ്ററി കമ്മിഷനിൽ ഒരുവർഷത്തോളമായി ഒഴിഞ്ഞുകിടക്കുന്ന അംഗത്തിന്റെ തസ്തികയാണ് ഇപ്പോൾ ഊർജവകുപ്പിന്റെ ‘കണ്ണിൽപ്പെട്ടത്’. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് തൊട്ടുമുന്നേ ആ ഒഴിവിലേക്ക് അപേക്ഷയും ക്ഷണിച്ചു. വൈദ്യുതി ബോർഡിൽനിന്നും വിരമിക്കുന്ന സി.പി.എം. സഹയാത്രികനെ ഈ സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് നീക്കം.

വൈദ്യുതിക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്ന റെഗുലേറ്ററി കമ്മിഷനിൽ ചെയർമാനും രണ്ട് അംഗങ്ങളുമാണുള്ളത്. ഇതിൽ ഒരു ഒഴിവിലേക്ക് കഴിഞ്ഞ നവംബറിൽ വൈദ്യുതിമന്ത്രി എം.എം. മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ.ജെ. വിൽസണെ നിയമിച്ചിരുന്നു. ഇപ്പോൾ നിയമനം നടത്താനൊരുങ്ങുന്നത് 2020 മേയിൽ വന്ന ഒഴിവിലേക്കാണ്. മാർച്ച് 23 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. വൈദ്യുതി ബോർഡിൽ ചീഫ് എൻജിനിയറുടെ പൂർണ ചുമതല നൽകിയിരിക്കുന്ന ഡെപ്യൂട്ടി ചീഫ് എൻജിനിയറായ സി.പി.എം. സഹയാത്രികൻ ഏപ്രിലിൽ വിരമിക്കും. ഈ ഉദ്യോഗസ്ഥൻ വിരിമിച്ചാലുടൻ റെഗുലേറ്ററി കമ്മിഷനിലേക്കെത്തുന്ന രീതിയിലാണ് കാര്യങ്ങൾ നീക്കുന്നത്. ഇതോടെ റെഗുലേറ്ററി കമ്മിഷനിൽ സി.പി.എമ്മിന് വ്യക്തമായ മേധാവിത്വമാകും.

കെ-ഫോൺ പദ്ധതിയിൽ കമ്മിഷനിൽനിന്ന്‌ ഏറ്റ തിരിച്ചടിയാണ് ‘സ്വന്തക്കാരെ’ കമ്മിഷനിൽ എത്തിക്കാനുള്ള സി.പി.എം. തീരുമാനിച്ചതിന് പിന്നിൽ. ഇപ്പോഴും കെ-ഫോൺ പദ്ധതിക്ക് റെഗുലേറ്ററി കമ്മിഷന്റെ അനുമതി ലഭിച്ചിട്ടില്ല. അനുമതി വാങ്ങാതെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്ന് കമ്മിഷന്റെ ഉത്തരവുമുണ്ട്. ഈ ഉത്തരവുമായി ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സർക്കാരിന്റെ ആശങ്ക. കമ്മിഷനിൽനിന്ന്‌ അതിനുമുന്നേ അനുകൂല തീരുമാനമെടുപ്പിക്കാനാണ് നീക്കം.