ആലപ്പുഴ: ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസ് വിതരണം ബ്ളോക്ക് റിസോഴ്സ് സെന്റർ (ബി.ആർ.സി.) വഴിയാക്കുന്നു. ഹയർ സെക്കൻഡറി മേഖലാ ഡയറക്ടറേറ്റിന്റെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നേരിട്ടെത്തിക്കുകയായിരുന്നു ഇതുവരെ.

എസ്.എസ്.എൽ.സി. ചോദ്യക്കടലാസ് ട്രഷറിയിൽ സൂക്ഷിച്ച് പോലീസ് സുരക്ഷയിൽ വിദ്യഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥർ സെന്ററിലെത്തിക്കുന്ന രീതിയാണിപ്പോഴും. എന്നാൽ, ഹയർ സെക്കൻഡറിയുടെ കാര്യത്തിൽ ഈ ഗൗരവം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.

മറ്റുസംസ്ഥാനങ്ങളിലാണു ചോദ്യക്കടലാസ് അച്ചടിക്കുന്നത്. അവിടെനിന്ന് ലോറിയിൽ ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കും. ഇത് ഓരോ സ്കൂളിലെയും പരീക്ഷാ ചീഫും ഡെപ്യൂട്ടി ചീഫുമാരും എത്തി വേർതിരിച്ച് ഓരോദിവസവും വിതരണം ചെയ്യുന്നതിനുള്ള ക്രമത്തിലാക്കും. അവിടെനിന്ന് നാലഞ്ചുദിവസംമുൻപ്‌ ബി.ആർ.സികളിൽ എത്തിക്കും. പരീക്ഷാദിവസം ബി.ആർ.സി. അധ്യാപകർ ഇതു സ്കൂളുകളിലെത്തിക്കും. അവിടെ ചീഫും ഡെപ്യൂട്ടി ചീഫുമാരും ഏറ്റുവാങ്ങും. ഇതാണ് ഇക്കുറി നടക്കുക.

സാധാരണ ജില്ലാകേന്ദ്രങ്ങളിൽ എത്തിക്കുന്ന ചോദ്യക്കടലാസ് ആർ.ഡി.ഡി.(റീജണൽ ഡെപ്യൂട്ടി ഡയറക്ടർ) ഉദ്യോഗസ്ഥർ നേരിട്ടു സ്കൂളുകളിലെത്തിക്കുകയും പ്രിൻസിപ്പൽമാർ അത് ലോക്കറിൽ വെക്കുകയുമാണു പതിവ്. കഴിഞ്ഞപ്രാവശ്യം മലപ്പുറത്തെ ഒരുസ്കൂളിൽ കള്ളൻ കയറിയപ്പോൾ ചോദ്യക്കടലാസും നഷ്ടപ്പെട്ടിരുന്നു.

പുതിയ തീരുമാനത്തിനുകാരണമായത് ഈ സംഭവമാണെന്നാണു പറയുന്നത്. എന്നാൽ, ഒറ്റപ്പെട്ട സംഭവത്തിന്റെപേരിൽ ഇങ്ങനെ മാറ്റംവരുത്തുന്നത് തീക്കളിയാകുമോയെന്ന ആശങ്ക പ്രിൻസിപ്പൽമാർ ഉൾപ്പെടെയുള്ള അധ്യാപകർക്കുണ്ട്. മാർച്ച് 17 മുതൽ 30 വരെയാണ്‌ പ്ലസ് ടു പരീക്ഷ.