തൃശ്ശൂർ: കേന്ദ്ര സായുധ പോലീസ് സേനാ വിഭാഗങ്ങളിൽനിന്ന് വിരമിച്ചവരെയും വീട്ടുനികുതി ഇളവിന് അർഹതയുള്ളവരുടെ പട്ടികയിൽപ്പെടുത്തി.ഇതു സംബന്ധിച്ച ഉത്തരവ് തദ്ദേശസ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു. സായുധസേനാ വിഭാഗങ്ങളിൽനിന്ന് വിരമിച്ചവരുടെ ഭാര്യ അഥവാ വിധവ എന്നിവർക്കും ഇളവിന് അർഹതയുണ്ട്. 2000 ചതുരശ്ര അടി വരെ വിസ്തൃതിയുള്ള വീടിനാകും ഇളവ് ലഭിക്കുക. 2000 ചതുരശ്ര അടിയിൽ കൂടുതലുള്ള കെട്ടിടങ്ങൾക്ക് കൂടുതലുള്ള വിസ്തീർണത്തിന് ആനുപാതികമായി നികുതി അടയ്ക്കണം.

കേന്ദ്ര സായുധ പോലീസ് സേനാ വിഭാഗങ്ങളായ ബി.എസ്.എഫ്., സി.ആർ.പി.എഫ്, സി.െഎ.എസ്.എഫ്.,െഎ.ടി.ബി.പി., എസ്.എസ്.ബി. എന്നിവ ഇളവിന്റെ പരിധിയിൽപ്പെടും.

2021-22 സാമ്പത്തിക വർഷത്തിലാണ് ഉത്തരവ് പ്രാബല്യത്തിൽവരിക. കുടിശ്ശികയ്ക്ക് ഇളവ് ബാധകമല്ല. ഈ വിഭാത്തിലുള്ളവർ താമസിക്കുന്ന ഒരു വീടിന് മാത്രമാകും ഇളവിന് അർഹത.

വസ്തുനികുതി ഇളവിനായി സത്യവാങ്‌മൂലം സഹിതമുള്ള അപേക്ഷ മാർച്ച് 31-നകം സമർപ്പിക്കണം. പിന്നീട് ഒരോവർഷവും പുതുക്കിയ സത്യവാങ്‌മൂലം നൽകണം. ഇളവ് തദ്ദേശസ്ഥാപന സെക്രട്ടറി അനുവദിച്ചാൽ അത് സേനാവിഭാഗാംഗങ്ങളുടെ പെൻഷൻ ബുക്കിൽ രേഖപ്പെടുത്തണം. ഇളവ് അനുവദിച്ചതിൽ പിന്നീട് ക്രമക്കേട് തെളിഞ്ഞാൽ ഇളവ് റദ്ദാക്കുകയും അനധികൃതമായി ഇളവ് നേടിയ തുക ഗുണഭോക്താവിൽ നിന്ന്‌ ഇൗടാക്കുന്നതിനും വ്യവസ്ഥയുണ്ട്.

മുൻപ് വിമുക്ത ഭടൻമാർ, കോസ്റ്റ് ഗാർഡുകൾ, അവരുടെ ഭാര്യമാർ അഥവാ വിധവകൾ എന്നിവർക്കായിരുന്നു നികുതി ഇളവിന് അർഹത. അർധസൈനിക വിഭാഗങ്ങൾക്കും ഈ ആനുകൂല്യം വ്യാപിപ്പിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമായിരുന്നു.