പാലക്കാട്: സ്കൂളിലേക്ക് പോകവേ സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക ലോറികയറി മരിച്ചു. കോഴിപ്പാറ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക എസ്. ശ്രീലതയാണ് (53) മരിച്ചത്. ലോറി ഓടിച്ച എടത്തറ അഞ്ചാംമൈൽ പന്തലാംപാടം ഷാജഹാന്റെ (36) പേരിൽ ടൗൺ സൗത്ത് പോലീസ് കേസെടുത്തു.

ബുധനാഴ്ചരാവിലെ 8.15-ഓടെ എരട്ടയാലിലാണ് അപകടം. സ്പെഷൽ ക്ലാസെടുക്കാനായി ശ്രീലത കോഴിപ്പാറ സ്കൂളിലേക്ക് പോകവേയായിരുന്നു അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. ശ്രീലത സഞ്ചരിച്ച സ്കൂട്ടറിനെ തിരുപ്പൂരിലേക്ക് പോവുകയായിരുന്ന ലോറി മറികടക്കുകയായിരുന്നു. ഇതിനിടെ സ്കൂട്ടറിൽ ലോറി തട്ടുകയും ലോറിയിൽ സ്കൂട്ടറിന്റെ കണ്ണാടി കുരുങ്ങി ലോറിക്കടിയിലേക്ക് യാത്രക്കാരി വീഴുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ലോറിക്കടിയിലേക്ക് വീണ ശ്രീലതയുടെ ശരീരത്തിലൂടെ ലോറിയുടെ ടയറുകൾ കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ ശ്രീലതയെ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കായംകുളം മൂന്നാംകുറ്റി സ്വദേശിയായ ശ്രീലത വർഷങ്ങളായി പാലക്കാട്ടാണ് താമസം. പട്ടഞ്ചേരിയിലും നെന്മാറയിലും അധ്യാപികയായിരുന്നു. കഴിഞ്ഞ ഒരുവർഷമായി കോഴിപ്പാറ ഗവ. ഹയർസെക്കൻഡറിസ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയാണ്.

ചന്ദ്രനഗർ ചെമ്പലോട് വൃന്ദാവൻ ഹൗസിൽ രാധാകൃഷ്ണന്റെ ഭാര്യയാണ് ശ്രീലത. റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ കൊച്ചുപുരയ്ക്കൽ ആർ. പത്മനാഭ പിള്ളയാണ് അച്ഛൻ. അമ്മ: എൽ. ശാരദാമ്മ (റിട്ട. അധ്യാപിക). മകൾ: ഡോ. ലക്ഷ്മീതീർഥ. സഹോദരങ്ങൾ: ഗോപകുമാർ (സൗദി അറേബ്യ), ഹരികുമാർ (സൗദി അറേബ്യ), ശ്രീജ (മാവേലിക്കര). ശവസംസ്കാരം വ്യാഴാഴ്ച മൂന്നിന് കായംകുളം മൂന്നാംകുറ്റിയിലെ വീട്ടുവളപ്പിൽ.