എടപ്പാൾ: ഇംഗ്ലീഷ് പഠനത്തിനായി സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് കുട്ടികൾ കൂട്ടത്തോടെ പോകുന്ന സാഹചര്യം മറികടക്കാൻ സർക്കാർതലത്തിൽ സംവിധാനംവരുന്നു. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വർധിപ്പിക്കാനും പഠനം കൂടുതൽ രസകരമാക്കുന്നതിനുമായി ഇ-ക്യൂബ്-ഇ-ലാംഗ്വേജ് പദ്ധതിയാണ് നടപ്പാക്കുക. അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി.

സംസ്ഥാനത്തെ 14 ഡയറ്റുകളിലും ഇതിനായി ഡിസ്ട്രിക്റ്റ് സെന്റർ ഫോർ ഇംഗ്ലീഷ് (ഡി.സി.ഇ.) സജ്ജീകരിച്ചു. ഇതിനുള്ള സോഫ്റ്റ്‌വേറും സജ്ജീകരണങ്ങളും ലാബുകളിൽ കൈറ്റ് ഒരുക്കിക്കഴിഞ്ഞു.

കഴിഞ്ഞ അധ്യയനവർഷംതന്നെ അധ്യാപകർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം തടസ്സപ്പെടുകയായിരുന്നു. അടുത്ത അധ്യയനവർഷംതന്നെ പദ്ധതി പ്രാവർത്തികമാക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ തുടങ്ങിയത്.

കോവിഡ് നിബന്ധനകൾ പാലിച്ച് പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ ഇംഗ്ലീഷ് അധ്യാപകർക്ക് ഇ-ക്യൂബ്-ഇ-ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വേർ അധിഷ്ഠിത പരിശീലനം മാർച്ചിൽ ആരംഭിക്കും. പ്രൈമറി സ്‌കൂൾ ഐ.ടി. കോ-ഓർഡിനേറ്റർമാർക്കാണ് ആദ്യഘട്ട പരിശീലനം. എല്ലാ വിദ്യാലയങ്ങളിലും പരിശീലനത്തിന് മുന്നോടിയായി സോഫ്റ്റ്‌വേർ ഇൻസ്റ്റാൾചെയ്യും.

ഇംഗ്ലീഷ് പഠനം അനിവാര്യമായ കാലഘട്ടത്തിൽ ഇത് തൃപ്തികരമായി ലഭിക്കാതെ കുട്ടികൾ വീണ്ടും സ്വകാര്യമേഖലയിലേക്ക് തിരിച്ചുപോകാതിരിക്കാൻ കൂടിയാണ് പുതിയപദ്ധതി.