തിരുവനന്തപുരം: ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർചെയ്ത എല്ലാ കേസുകളും പിൻവലിക്കണമെന്ന് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഗുരുതര സ്വഭാവമുള്ള കേസുകൾ ഒഴികെ മറ്റെല്ലാം പിൻവലിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിൽ വ്യക്തതയില്ല. അതുകൊണ്ട് എല്ലാ കേസുകളും പിൻവലിക്കണം. സുപ്രീംകോടതിയിൽ ആചാര സംരക്ഷണത്തിനുവേണ്ടി പുതിയ സത്യവാങ്മൂലം സമർപ്പിക്കണം. അതോടൊപ്പം മാപ്പുപറയുകയും വേണം. പൗരത്വ, ശബരിമല പ്രക്ഷോഭങ്ങൾ തുലനം ചെയ്യാനാവില്ല. മതപീഡനംമൂലം ജീവിക്കാൻ നിവൃത്തിയില്ലാതെ ഇന്ത്യയിൽ അഭയം തേടിയ ഹിന്ദു, ക്രിസ്ത്യൻ വിഭാഗക്കാർക്ക് ചില ഇളവുകൾ നൽകുന്നതിന് എതിരേയാണ് തീവ്രവാദ ശക്തികൾ രാജ്യവ്യാപകമായി സമരം നടത്തിയത്. അതുമായി ശബരിമല സമരത്തെ കൂട്ടിക്കെട്ടുന്നത് പൗരത്വപ്രക്ഷോഭത്തെ സാധൂകരിക്കാനും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനുമാണ് -കുമ്മനം പറഞ്ഞു.