തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ കെ.എ.പി. ആറാം ബറ്റാലിയൻ എന്നപേരിൽ പുതിയ ആംഡ് പോലീസ് ബറ്റാലിയൻ രൂപവത്കരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പോലീസ് സേനയിൽ ഇപ്പോൾ 11 ആംഡ് പോലീസ് ബറ്റാലിയനുകളാണുള്ളത്. ഇതിൽ എട്ടെണ്ണം ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ടതാണ്. നഗരവത്‌കരണവും ആസൂത്രിത കുറ്റകൃത്യങ്ങളും തീവ്രവാദ ഭീഷണിയും കണക്കിലെടുത്താണ് സേനയ്ക്ക് പുതിയൊരു ബറ്റാലിയൻ രൂപവത്കരിക്കാനുള്ള തീരുമാനം.

ആരംഭഘട്ടത്തിൽ 100 പോലീസ് കോൺസ്റ്റബിൾമാരെ (25 വനിതകൾ) ഉൾപ്പെടുത്തി ബറ്റാലിയൻ രൂപവത്കരിക്കും. ഇതിനായി 100 പോലീസ് കോൺസ്റ്റബിളിന്റേതടക്കം 113 തസ്തികകൾ സൃഷ്ടിക്കും.

വിവിധ വകുപ്പുകളിൽ സൃഷ്ടിച്ച പുതിയ തസ്തികകൾ

ഹൈക്കോടതി എസ്റ്റാബ്ലിഷ്‌മെന്റിലേക്ക് കംപ്യൂട്ടർ അസിസ്റ്റന്റ്- അഞ്ച് സ്ഥിരം തസ്തികകൾ. എയ്ഡഡ് മേഖലയിലുള്ള 11 ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ 33 സ്ഥിരം തസ്തിക ഉൾപ്പെടെ 44 തസ്തികകൾ.

കാസർകോട് ജില്ലയിലെ പരപ്പയിൽ ഒരു ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസും ഒരു ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസും ആരംഭിക്കാൻ എട്ട് സ്ഥിരം തസ്തികകൾ അടക്കം 12 തസ്തികകൾ. കേരള രാജ്ഭവനിൽ വിവിധ വിഭാഗങ്ങളിലായി 14 തസ്തികകൾ.

പീരുമേട് താലൂക്കാശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിൽ ഒരു ജൂനിയർ കൺസൾട്ടന്റ്. ഗ്രാമന്യായാലയങ്ങളിലും ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലുമായി അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ (ഗ്രേഡ് രണ്ട്) 12 തസ്തികകൾ.

(റാന്നി, മലമ്പുഴ, നെടുങ്കണ്ടം, കട്ടപ്പന, വൈക്കം, തൃശ്ശൂർ ജില്ലയിലെ മതിലകം, തിരുവനന്തപുരം ജില്ലയിലെ വെള്ളനാട്, കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ, കൊടുവള്ളി, ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി എന്നീ ഗ്രാമന്യായാലയങ്ങളിലും കല്പറ്റ ജെ.എഫ്.എം.സി., ആലപ്പുഴ ജെ.എഫ്‌.സി.എം.സി-2 എന്നീ കോടതികളിലുമാണ് തസ്തിക).

ലൈവ്‌സ്റ്റോക് ഡെവലപ്‌മെന്റ് ബോർഡ് ലിമിറ്റഡിൽ നിർത്തലാക്കിയ 14 തസ്തികകൾക്ക് പകരമായി നാലു തസ്തികകൾ. കേരള കെട്ടിടനിർമാണ തൊഴിലാളി ക്ഷേമബോർഡിന്റെ മലപ്പുറം ജില്ലാ ഓഫീസിൽ ഒരു അഡീഷണൽ ജില്ലാ എക്സിക്യുട്ടീവ് ഓഫീസറുടെ തസ്തിക.

തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് ആറു തസ്തികകൾ. ഒരു തസ്തിക അപ്‌ഗ്രേഡ് ചെയ്യും.

തൃക്കാക്കര കാർഡിനൽ ഹയർ സെക്കൻഡറി സ്കൂൾ, വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, കടയ്ക്കാവൂർ ശ്രീ സേതുപാർവതി ഹയർ സെക്കൻഡറി സ്കൂൾ എന്നീ എയ്ഡഡ് വിദ്യാലയങ്ങൾക്കായി 21 തസ്തികകൾ. നാലു തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യും.

കണ്ണൂർ ആറളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒരു പ്രിൻസിപ്പൽ തസ്തിക. കണ്ണൂർ വലിയ വെളിച്ചം കേരള അഗ്രോമെഷീനറി കോർപ്പറേഷൻ ലിമിറ്റഡ് യൂണിറ്റിലേക്ക് 38 സ്ഥിരം തസ്തികകൾ അടക്കം 45 തസ്തികകൾ.