കൊച്ചി: മാന്നാർ സ്വർണക്കടത്തും തട്ടിക്കൊണ്ടുപോകലും അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഒരുങ്ങുന്നു. സംഭവത്തിനുപിന്നിൽ വമ്പൻ റാക്കറ്റുണ്ടെന്നാണ് ഇ.ഡി. അധികൃതർക്ക് ലഭിച്ച പ്രാഥമിക സൂചനകൾ. തട്ടിക്കൊണ്ടുപോകലിന്റെ ദുരൂഹതയും യുവതിയുടെ മൊഴികളും വിശകലനം ചെയ്തതിൽനിന്നാണ് മാന്നാർ കേസിൽ പ്രാഥമികാന്വേഷണം നടത്താൻ ഇ.ഡി. തയ്യാറെടുക്കുന്നത്. ബുധനാഴ്ച കസ്റ്റംസ് സംഘവും യുവതിയെ ചോദ്യംചെയ്യാൻ ആശുപത്രിയിലെത്തിയിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ചോദ്യംചെയ്യൽ മാറ്റിവെച്ചു.

യുവതി സ്വർണക്കടത്തുസംഘത്തിലെ ‘കാരിയർ’ ആകാമെന്നാണ് കസ്റ്റംസും ഇ.ഡി.യും കരുതുന്നത്. ആദ്യമായിട്ടാകില്ല സ്വർണം കടത്തിയിരിക്കുന്നതെന്ന് സംശയിക്കുന്നു. കൊടുവള്ളി, മലപ്പുറം, ഭട്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാകാം ഈ സ്വർണക്കടത്തിനുപിന്നിലെന്നാണ് സംശയം.