തിരുവനന്തപുരം: മുപ്പത്തിയഞ്ചാം ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് ടീം ഇനങ്ങളിൽ വെള്ളി, വെങ്കല മെഡലുകൾ നേടിയ 82 കായികതാരങ്ങൾക്ക് നിയമനം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കായിക, യുവജനകാര്യ ഡയറക്ടറേറ്റിൽ സൂപ്പർന്യൂമററി തസ്തികകൾ സൃഷ്ടിച്ചാണ് നിയമനം.

ഈ ആവശ്യവുമായി 45 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയിരുന്ന സമരം മന്ത്രിസഭാ തീരുമാനത്തെത്തുടർന്ന് ദേശീയ ഗെയിംസ് മെഡൽ ജേതാക്കൾ അവസാനിപ്പിച്ചു. മന്ത്രിസഭായോഗ തീരുമാനമറിഞ്ഞതോടെ കെട്ടിപ്പിടിച്ചും മധുരം നൽകിയും അവർ സന്തോഷം പങ്കുവെച്ചു. സെക്രട്ടേറിയറ്റിനു മുന്നിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർക്ക് മധുരം വിതരണം ചെയ്താണ് സമരം അവസാനിപ്പിച്ചത്.

കായികതാരങ്ങൾ തെരുവിൽ ഇറങ്ങേണ്ടവരല്ലെന്നും മാറിമാറി വരുന്ന സർക്കാരുകൾ താരങ്ങളെ കണ്ടില്ലെന്നു നടിക്കരുതെന്നും ദേശീയ ഗെയിംസ് താരങ്ങളുടെ കോ-ഓർഡിനേറ്ററായ കായികാധ്യാപകൻ കെ.ആർ. പ്രമോദ് പറഞ്ഞു.