തിരുവനന്തപുരം: കോവിഡ് രൂക്ഷമായതിനെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാൻ സർക്കാർ ജീവനക്കാരുടെ ഒരുമാസത്തെ മാറ്റിവെച്ച ശമ്പളം ഏപ്രിൽ മുതൽ അഞ്ചുതവണകളായി തിരിച്ചുനൽകും. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകാൻ താത്പര്യമുള്ളവർക്ക് അതിനുള്ള ക്രമീകരണവും ഏർപ്പെടുത്തും.

മാറ്റിവെച്ച ശമ്പളം പ്രോവിഡന്റ് ഫണ്ടിൽ ലയിപ്പിക്കാനും ജൂൺ മുതൽ പിൻവലിക്കാൻ അനുവാദം നൽകാനുമാണ് നേരത്തേ തീരുമാനിച്ചിരുന്നത്. പങ്കാളിത്ത പെൻഷൻകാരുടെ കാര്യത്തിൽ അധിക എൻ.പി.എസ്. വിഹിതം പിടിക്കാതെ മാറ്റിവെച്ച ശമ്പളം തിരിച്ചുനൽകും.

ശമ്പളം പരിഷ്കരിക്കും

സംസ്ഥാനത്തെ സർവകലാശാലകളിലെ അനധ്യാപക ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും. പുതുക്കിയ ശമ്പളവും അലവൻസുകളും ഏപ്രിൽ ഒന്നുമുതൽ വിതരണം ചെയ്യും. ഹൈക്കോടതി ജീവനക്കാർ, ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്‌സിലെ സബോർഡിനേറ്റ് സർവീസ് ജീവനക്കാർ, കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റിയിലെ സ്ഥിരം ജീവനക്കാർ, തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലെ ജീവനക്കാർ, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷനിലെ ജീവനക്കാർ, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ വികസന കോർപ്പറേഷനിലെ ജീവനക്കാർ, മലബാർ സിമന്റ്‌സ് ലിമിറ്റഡിലെ മാനേജീരിയൽ തസ്തികയിലുള്ള ജീവനക്കാർ എന്നിവരുടെ ശമ്പളവും പരിഷ്കരിക്കും.

സംസ്ഥാന ശാസ്ത്ര, പരിസ്ഥിതി കൗൺസിലിലെയും അതിനു കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലെയും സി.എസ്.ഐ.ആർ. നിരക്കിൽ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഏഴാം കേന്ദ്ര ശമ്പളപരിഷ്‌കരണം അനുവദിക്കാനും മന്ത്രിസഭ തത്ത്വത്തിൽ തീരുമാനിച്ചു.