തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ മാർച്ച് 12 വരെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന കരസേന റിക്രൂട്ട്‌മെന്റ് റാലിക്കെത്തുന്നവർക്ക് സമീപത്തുള്ള സ്കൂളുകളിൽ താമസസൗകര്യം ഒരുക്കും. റാലിക്കെത്താനും മടങ്ങാനും കെ.എസ്.ആർ.ടി.സി. എല്ലാ ജില്ലയിൽന്നും ബസോടിക്കും. 14 ജില്ലയിലുള്ളവരും തിരുവനന്തപുരത്താണ് എത്തേണ്ടത്. തിരുവനന്തപുരം, കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫീസുകൾ സംയുക്തമായാണ് റാലി നടത്തുന്നത്.

*48 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്/രോഗലക്‌ഷണമില്ലാ സർട്ടിഫിക്കറ്റ് നിർബന്ധം. പനിയുള്ളവരെയും ലക്ഷണങ്ങളുള്ളവരെയും അനുവദിക്കില്ല. സ്റ്റേഡിയത്തിനു പുറത്ത് കോവിഡ് പരിശോധനയ്ക്ക് സൗകര്യമുണ്ടാവും.

* തെക്കൻ ജില്ലകളിൽനിന്നു 48,656 പേരും വടക്കൻ ജില്ലകളിൽനിന്നു 42,990 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുള്ളവർക്ക് വെള്ളിയാഴ്ച മുതൽ മാർച്ച് അഞ്ചുവരെയും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലക്കാർക്ക് ആറുമുതൽ 12 വരെയും റാലി.

*രാവിലെ മൂന്നുമുതൽ സ്റ്റേഡിയത്തിൽ എത്താനും മടങ്ങാനും കെ.എസ്.ആർ.ടി.സി. ബസുണ്ടാവും. സംശയങ്ങൾക്ക് വാട്‌സാപ്പ് നമ്പർ 8129562972. ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും Ente KSRTC എന്ന മൊബൈൽ ആപ്പിലൂടെയും റിസർവ് ചെയ്യാം. കൺട്രോൾ റൂം-9447071021, 04712463799

* സ്വന്തം വാഹനങ്ങളിലെത്തുന്നവർക്ക് സ്റ്റേഡിയത്തിനു മൂന്നുകിലോമീറ്റർ അകലെ പാർക്കിങ്. അവിടന്ന് കെ.എസ്.ആർ.ടി.സി. ബസുകളിലോ കാൽനടയായോ എത്തണം. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവ നിർബന്ധം.

*ഓരോ ദിവസവും 5000 മുതൽ 7000 വരെ ഉദ്യോഗാർഥികൾ പങ്കെടുക്കുമെന്നാണു കരുതുന്നതെന്ന് ജില്ലാ ഭരണകൂടം നിയോഗിച്ച നോഡൽ ഓഫിസർ ഡോ. വിനയ് ഗോയൽ പറഞ്ഞു.