: യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ ബസ് ടിക്കറ്റ് നിരക്ക് 25 ശതമാനം വർധിപ്പിച്ചത് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും കുറച്ചില്ല. പഴയപടി യാത്രക്കാരെ കുത്തിനിറച്ച് ബസുകൾ ഓടുമ്പോഴും ഈടാക്കുന്നത് ഉയർന്ന നിരക്കാണ്. ലോക്ഡൗണിനുശേഷം ബസുകൾ ഓടിത്തുടങ്ങിയപ്പോൾ രോഗവ്യാപനം തടയാൻ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്നു. ഒരുസീറ്റിൽ ഒരാൾ മാത്രമായിരുന്നു. നിന്നുള്ള യാത്ര അനുവദിച്ചിരുന്നില്ല. ഇതുകാരണമുള്ള നഷ്ടം നികത്താനാണ് ടിക്കറ്റ് നിരക്ക് ഉയർത്തിയത്.

യാത്രക്കാരെ കിട്ടാനായി കെ.എസ്.ആർ.ടി.സി. സൂപ്പർക്ലാസ് ബസുകളിൽ നിരക്ക് കുറച്ചിരുന്നു. സർക്കാർ അംഗീകൃത നിരക്കിൽ 25 ശതമാനം ഇളവാണ് അനുവദിച്ചത്. ഓർഡിനറി ബസുകളിൽ നിരക്ക് കുറച്ചിട്ടില്ല. നിരക്ക് കുറയ്ക്കാൻ കെ.എസ്.ആർ.ടി.സി. സന്നദ്ധമാണ്. എന്നാൽ സ്വകാര്യബസുകാരുടെ സമ്മർദത്തിന് വഴങ്ങിയാണ് നടപടി വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

വർധന ഇങ്ങനെ

ഓർഡിനറി മിനിമം ചാർജായ എട്ട് രൂപയിൽ മാറ്റം വരുത്താതെയാണ് യാത്രാനിരക്ക്‌ കൂട്ടിയത്. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ (രണ്ട് ഫെയർ സ്റ്റേജ്) നിന്ന് രണ്ടരയായി (ഒരു ഫെയർ സ്റ്റേജ്) കുറച്ചു. കിലോമീറ്റർ നിരക്ക് 70 പൈസയായിരുന്നത് 90 പൈസയാക്കി. സൂപ്പർക്ളാസ് ബസുകളുടെ നിരക്കിൽ 25 ശതമാനം ഉയർത്തി.