തിരുവനന്തപുരം: ലൈഫ് മിഷനിൽ നിർമിച്ച 2,50,547 വീടുകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തി. ഒരു വീടിന് മൂന്നുവർഷത്തേക്ക് പ്രീമിയം തുകയായ 349 രൂപവീതം 8.74 കോടി രൂപയാണ് അടച്ചത്. തിരുവനന്തപുരം പള്ളിച്ചൽ പഞ്ചായത്തിലെ റീനാ കുമാരിക്ക് ആദ്യ ഇൻഷുറൻസ് പോളിസി സർട്ടിഫിക്കറ്റ് നൽകി മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പദ്ധതി ഉദ്ഘാടനം ചെയ്തു. വീടുകളുടെ അറ്റകുറ്റപ്പണികൾ ഇൻഷുറൻസ് പരിധിയിൽ വരില്ലെന്നും അവ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണമെന്നും മന്ത്രി പറഞ്ഞു.

അർഹരായ എല്ലാവർക്കും ലൈഫ് പദ്ധതിയിലൂടെ വീട് നൽകുമെന്ന് അധ്യക്ഷത വഹിച്ച മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക, തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ലൈഫ് മിഷൻ സി.ഇ.ഒ. യു.വി. ജോസ്, കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, പഞ്ചായത്ത് ഡയറക്ടർ ഡോ. പി.കെ. ജയശ്രീ, സംസ്ഥാന ഇൻഷുറൻസ് ഡയറക്ടർ ഡോ. എസ്. കാർത്തികേയൻ, യുണൈറ്റഡ് ഇൻഷുറൻസ് ഡെപ്യൂട്ടി ജനറൽ മാനേജർ കെ. നന്ദകുമാർ എന്നിവർ പങ്കെടുത്തു.