തിരുവനന്തപുരം: ഇരുപതുരൂപയ്ക്ക് ഉച്ചയൂണ് നൽകുന്ന ജനകീയഹോട്ടലിൽ 10 രൂപയ്ക്ക് ഉച്ചക്കഞ്ഞിയും. വയനാട്ടിലെ തോട്ടംമേഖലയിൽ ആരംഭിക്കുന്ന ഹോട്ടലുകളിലാണ് ഉച്ചക്കഞ്ഞി വിൽക്കുക. കുറഞ്ഞവിലയ്ക്ക് ഭക്ഷണം നൽകുന്ന കുടുംബശ്രീയുടെ ജനകീയഹോട്ടലുകൾ വിജയകരമായ സാഹചര്യത്തിലാണ് കൂടുതൽ ജനകീയമാക്കാനുള്ള ഈ തീരുമാനം. തോട്ടംമേഖലയിലെ കഞ്ഞിവിൽപ്പന വിജയകരമാണെങ്കിൽ മറ്റിടങ്ങളിലും നടപ്പാക്കുന്നത് പരിഗണിക്കും. ഉച്ചക്കഞ്ഞി വിൽക്കുന്നതിന് സർക്കാർ 10 രൂപ സബ്‌സിഡി നൽകും.

പ്രാദേശിക ആവശ്യകത അനുസരിച്ച് ഹോട്ടലുകൾ തുറക്കും. സ്ഥലസൗകര്യം കുറവുള്ള സ്ഥലങ്ങളിൽ ഹോട്ടലുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് തനതു ഫണ്ടിൽനിന്നു തുക വകയിരുത്താം. തദ്ദേശ സ്ഥാപനങ്ങളിൽ ആരംഭിച്ചിട്ടില്ലെങ്കിൽ കുടുംബശ്രീ മുൻകൈയെടുത്ത് തുടങ്ങും. ഊണിനുള്ള സബ്‌സിഡി, അരി, റിവോൾവിങ് ഫണ്ട് എന്നിവ ലഭിക്കും.

ഒരു തദ്ദേശ സ്ഥാപനത്തിനുകീഴിൽ ഒന്നിലധികം ഹോട്ടലുകളുണ്ടെങ്കിൽ ഓരോന്നിനും ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ എസ്റ്റാബ്ലിഷ്‌മെന്റ് പെർമിറ്റ് നൽകാനും ഇക്കൊല്ലം മാർച്ച് 31 വരെ നൽകിയ പെർമിറ്റ് ഒരുവർഷത്തേക്കുകൂടി നീട്ടാനും തീരുമാനമായി.