ശബരിമല: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന്‌ 22-ന് പുറപ്പെട്ട തങ്കയങ്കി രഥഘോഷയാത്ര എഴുപതോളം ക്ഷേത്രസങ്കേതങ്ങളിലെ സ്വീകരണങ്ങൾ എറ്റുവാങ്ങി വെള്ളിയാഴ്ച ശബരിമല സന്നിധാനത്ത് എത്തും. തങ്കയങ്കി ചാർത്തി ശബരിമല വാസന് വൈകീട്ട് മഹാദീപാരാധന നടക്കും.

മണ്ഡല ഉത്സവത്തിന് സമാപനംകുറിച്ചുള്ള മണ്ഡലപൂജ 26-നാണ്. അന്ന് പകൽ 11.40-നും 12.20-നും മധ്യേ മിഥുനം രാശിയിലാണ് പൂജ. കലശം, കളഭാഭിഷേകം തുടങ്ങിയവയും നടക്കും. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി.കെ.ജയരാജ് പോറ്റി എന്നിവർ കാർമികത്വം വഹിക്കും. മണ്ഡലപൂജ പൂർത്തിയാക്കി രാത്രി ഒൻപതിന് ക്ഷേത്രം അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി 30-നാണ് പിന്നീട് നട തുറക്കുന്നത്. എന്നാൽ, അന്ന് ഭക്തർക്ക് പ്രവേശനമില്ല. 31-ന് രാവിലെ നടതുറക്കുമ്പോൾ അയ്യപ്പന്മാരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ രഥഘോഷയാത്ര പമ്പ ഗണപതിക്ഷേത്രത്തിൽ എത്തും. മൂന്നുമണിവരെ തങ്കയങ്കി ഗണപതി ക്ഷേത്രത്തിലെ നടപ്പന്തലിൽ ദർശനത്തിന് വെയ്ക്കും. മൂന്നുമണിയോടെ തങ്കയങ്കി പ്രത്യേക പേടകത്തിലേക്ക് മാറ്റും. പിന്നീട്, അയ്യപ്പസേവാസംഘം പ്രവർത്തകർ തങ്കയങ്കി സന്നിധാനത്തെത്തിക്കും. ശരംകുത്തിയിൽവെച്ച് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കും.

കൊടിമരത്തിനുമുന്നിൽവെച്ച്, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എൻ.വാസു, ബോർഡ് അംഗം കെ.എസ്.രവി, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി തുടങ്ങിയവർ തങ്കയങ്കി സ്വീകരിച്ച് സോപാനത്തിലേക്ക് ആനയിക്കും. സോപാനത്തിൽ തന്ത്രിയും മേൽശാന്തിയും ചേർന്ന് എറ്റുവാങ്ങും. തുടർന്ന് തങ്കയങ്കി ചാർത്തി 6.30-ന് മഹാദീപാരാധന.

മണ്ഡലപൂജ പ്രമാണിച്ച് സന്നിധാനത്ത് 30 പോലീസുകാരെക്കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ എ.എസ്.രാജു പറഞ്ഞു.

ഇന്നത്തെ നിയന്ത്രണങ്ങൾ

*വെള്ളിയാഴ്ച സന്നിധാനത്തെത്തുന്ന ഭക്തരെ ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പ് ദർശനം പൂർത്തിയാക്കി മടക്കി അയയ്ക്കും.

* ഉച്ചപ്പൂജ പൂർത്തിയാക്കി നട അടച്ചശേഷം വൈകീട്ട് തങ്കയങ്കി ചാർത്തി ദീപാരാധന കഴിയുന്നതുവരെ അയ്യപ്പന്മാരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കില്ല.

*ഉച്ചപ്പൂജ കഴിഞ്ഞ്, മൂന്നുമണിയോടെ പമ്പയിൽനിന്ന്‌ തങ്കയങ്കി സന്നിധാനത്തേക്ക് പുറപ്പെട്ട ശേഷം അഞ്ചുമണിയോടെ മാത്രമേ പമ്പയിൽനിന്ന്‌ സന്നിധാനത്തേക്ക് അയ്യപ്പന്മാരെ കടത്തിവിടൂ.

*കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി തങ്കയങ്കിയോടൊപ്പം സന്നിധാനത്തേക്ക് അനുഗമിക്കുന്നവരുടെ എണ്ണം ചുരുക്കും.

തങ്കയങ്കി

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ 1973-ൽ ശബരിമല നടയ്ക്കുവെച്ചതാണ് തങ്കയങ്കി. 451 പവൻ തൂക്കം വരും. ശബരിമല അയ്യപ്പവിഗ്രത്തിൽ ചാർത്താവുന്ന രീതിയിൽ മുഖം, കൈകാലുകൾ തുടങ്ങിയവയാണ് തങ്കയങ്കി.