കൊച്ചി: സ്വപ്നാ സുരേഷിന്റെ പേരിലുള്ള രണ്ട് ലോക്കറിൽനിന്ന് എൻ.ഐ.എ. പിടിച്ചെടുത്ത ഒരു കോടി അൻപതിനായിരം രൂപ ലൈഫ് മിഷൻ പദ്ധതി കരാർ യൂണിടാക്കിന് നൽകിയതിന് എം. ശിവശങ്കറിന് ലഭിച്ച കൈക്കൂലിയാണെന്ന് ഇ.ഡി. ഇത് കണ്ടുകെട്ടാൻ ഉത്തരവിടണമെന്നും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എം.എൽ.എ.) കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഇ.ഡി. അഡീ. ഡയറക്ടർ പി. രാധാകൃഷ്ണനാണ് കുറ്റപത്രം സമർപ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഏഴുവർഷംവരെ തടവിന് ശിക്ഷിക്കാവുന്ന കുറ്റകൃത്യമാണ് ശിവശങ്കറിനെതിരേ ചാർജ് ചെയ്തിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ.

വാട്സാപ്പ് സന്ദേശം ശിവശങ്കർ കസ്റ്റംസിനെ ബന്ധപ്പെട്ടത് ഉറപ്പാക്കുന്നു

* ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള 2019 ഏപ്രിൽ രണ്ടിലെ വാട്‌സാപ്പ് സന്ദേശം അനുസരിച്ച് യു.എ.ഇ. കോൺസുലേറ്റിലേക്ക് വന്ന നയതന്ത്ര കൺസൈൻമെന്റ് വിട്ടുകിട്ടാൻ ചില കസ്റ്റംസ് ഓഫീസർമാരെ ശിവശങ്കർ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ കസ്റ്റംസ് ഹൗസ് ഏജന്റായ ‘കാപ്പിത്താൻ ഏജൻസി’യിലെ ജീവനക്കാരൻ വർഗീസ് ജോർജിന്റെ മൊഴിയെടുത്തു.

ഇയാളുടെ മൊഴിയനുസരിച്ച് 2019 ഏപ്രിൽ രണ്ടിന് യു.എ.ഇ. കോൺസുലേറ്റിലേക്ക് വന്ന ബാഗേജ് തുറന്ന് പരിശോധിക്കാൻ കസ്റ്റംസ് ഉത്തരവിട്ടിരുന്നു. ഈ വിവരം യു.എ.ഇ. കോൺസുലേറ്റിനെ അറിയിച്ചു. പി.ആർ.ഒ. സരിത്താണ് സംസാരിച്ചത്. ഇതിന് പിന്നാലെ വെല്ലിങ്ടൺ ഐലന്റിലെ കസ്റ്റംസ് ഓഫീസിലേക്ക് ഒരു ഫോൺകോൾവന്നു. കാപ്പിത്താൻ ഏജൻസിയിലെ മാനേജിങ് പാർട്ണർ കസ്റ്റംസ് കമ്മിഷണർ ഓഫീസിൽ പോയി ബില്ലും മറ്റ് രേഖകളും കൈമാറി. തൊട്ടടുത്ത ദിവസം പരിശോധനയൊന്നുമില്ലാതെ കൺസൈൻമെന്റ് വിട്ടുനൽകി.

* പി.എം.എൽ.എ. സെക്‌ഷൻ 50 പ്രകാരം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ സരിത്, സ്വപ്‌ന, സന്ദീപ് നായർ, എം. ശിവശങ്കർ എന്നിവർ വലിയതോതിൽ സ്വത്ത് സമ്പാദിച്ചതായും മനസ്സിലാകും.

സ്വർണക്കടത്തിന് ശിവശങ്കറിന്റെ സഹായം

പി.എം.എൽ.എ. സെക്‌ഷൻ മൂന്ന് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. സ്വർണക്കടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സരിത്തും സ്വപ്‌നയും സന്ദീപ് നായരും വലിയതോതിൽ സ്വത്ത് സ്വന്തമാക്കി. സ്വർണക്കടത്തിന് എം. ശിവശങ്കർ ഇവരെ അറിഞ്ഞുകൊണ്ടുതന്നെ സഹായിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കരാർ യൂണിടാക്കിനും സെയിൻ വെഞ്ചേഴ്‌സിനും നൽകിയതിലൂടെയും ശിവശങ്കറിന് സാമ്പത്തികനേട്ടമുണ്ടായി. ഇത് സ്വപ്നയുടെയും തന്റെ ചാർട്ടേഡ് അക്കൗണ്ടിന്റെയും പേരിലുള്ള സംയുക്ത ലോക്കറിലും സ്വപ്‌നാ സുരേഷിന്റെ പേരിലുമുള്ള മറ്റൊരു ലോക്കറിലുമായി സൂക്ഷിച്ചു.

കേസിന്റെ വിശദാംശങ്ങൾ

* വിദേശത്ത് അന്വേഷണം വേണ്ടിവന്നില്ല

* കേസുമായി ബന്ധപ്പെട്ട് ഫൈസൽ ഫരീദിനെ പിടികൂടാനുണ്ട്.