ഇരിട്ടി: തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി. റോഡ് നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി പണിയുന്ന കൂട്ടുപുഴ പാലം നിർമാണത്തിന് കർണാടക വനംവകുപ്പ് അന്തിമാനുമതി നൽകി. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി നേരത്തെ ലഭിച്ചിരുന്നു. ഇതോടെ പാലം നിർമാണത്തിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങി.

അനുമതി വാങ്ങിയില്ലെന്ന കാരണംപറഞ്ഞ് രണ്ടുവർഷം മുമ്പാണ് പാലം നിർമാണം കർണാടക വനംവകുപ്പ് തടഞ്ഞത്. സംസ്ഥാനാതിർത്തിയിൽ കൂട്ടുപുഴ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പാലത്തിന്റെ കർണാടകത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തിന്റെ നിർമാണമാണ് തടഞ്ഞത്. പാലം നിർമിക്കുന്നത് കർണാടക വനമേഖലയിലാണെന്നായിരുന്നു അവരുടെ വാദം. എന്നാൽ കേരളത്തിന്റെ റവന്യൂ ഭൂമിയിലാണ് നിർമാണം നടക്കുന്നതെന്ന കേരളത്തിന്റെ വാദം അവർ അംഗീകരിച്ചില്ല. പ്രശ്നപരിഹാരത്തിന് ഇരുസംസ്ഥാനങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചയിലും തീരുമാനമാകാത്തതോടെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്നിലെത്തിയത്. ആറുമാസം മുമ്പ് നടന്ന ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ യോഗത്തിലാണ് അനുമതി നൽകിയത്. കർണാടക പ്രൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റർ നിർമാണത്തിന് അനുമതി നൽകിക്കൊണ്ടുള്ള കത്ത് വ്യാഴാഴ്ചയാണ് കെ.എസ്.ടി.പി.ക്ക് കൈമാറിയത്.

നിർമാണത്തിന് കർണാടക വനമേഖലയോട് ചേർന്ന 0.177 ഹെക്ടർ ഭൂമിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിനായി പത്തുലക്ഷത്തോളം രൂപ കേരളം കർണാടക വനംവകുപ്പിന് നൽകിയിരുന്നു. നിർമാണസമയത്ത് പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും നടത്താൻ പാടില്ല, നിർമാണ സാമഗ്രികളൊന്നും വനമേഖലയിലേക്ക് കടത്തിക്കൊണ്ടുവരരുത് തുടങ്ങിയ നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.

പുതുവർഷത്തിൽ നിർമാണം ആരംഭിക്കും.

നിർത്തിവെച്ച പാലം പണി പുതുവർഷത്തിന്റെ ആദ്യ ആഴ്ചയിൽതന്നെ ആരംഭിക്കുമെന്ന് സണ്ണി ജോസഫ് എം.എൽ.എ. അറിയിച്ചു. ദേശീയ വനം-വന്യജീവി ബോർഡിന്റെ അനുമതി കിട്ടിയിട്ടും കർണാടക വനംവകുപ്പ് അനുമതി നൽകാത്തത്‌ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് കർണാടകത്തിൽനിന്ന് നിർമാണാനുമതി ലഭിച്ചതെന്ന് എം.എൽ.എ. അറിയിച്ചു.

പാലത്തിന്റെ കേരളത്തിന്റെ ഭാഗത്ത് നിർമിക്കേണ്ട ഭാഗം രണ്ടുവർഷം മുമ്പ് പൂർത്തിയാക്കിയിരുന്നു. ജനുവരി ആദ്യവാരം നിർമാണം ആരംഭിച്ചാൽ നാലുമാസത്തിനുള്ളിൽ പുതിയ പാലം യാഥാർഥ്യമാകും.