കോട്ടയം: പ്രാഥമിക സഹകരണസംഘങ്ങളിൽ സബ് സ്റ്റാഫ് (ലാസ്റ്റ് ഗ്രേഡ്) വിഭാഗത്തിലെ ജീവനക്കാർക്ക് ക്ലാർക്കായി നിയമനം നൽകുന്നതിന് മാനദണ്ഡം കൂടുതൽ കൃത്യമാക്കും. 2014 നവംബർ 25-ന് സർവീസിലുണ്ടായിരുന്ന യോഗ്യതയുള്ള എല്ലാ സബ് സ്റ്റാഫിനും സ്ഥാനക്കയറ്റത്തിന് അർഹതയുണ്ടാകും. ഇവർക്ക് സംരക്ഷണം നൽകും. ജീവനക്കാരുടെ യൂണിയനുകളും സഹകരണമന്ത്രിയുമായി നടന്ന ചർച്ചയിലാണ് ഇക്കാര്യം ധാരണയായത്. ഈ തീരുമാനങ്ങൾ പിന്നീട് ഉത്തരവായി ഇറക്കും.

സബ് സ്റ്റാഫിന്റെ സ്ഥാനക്കയറ്റത്തിന് നിലവിലുള്ള അനുപാതം മാറ്റില്ല. ക്ലാർക്കിന്റെ തസ്തികയിലേക്ക് വരുന്ന ആദ്യത്തെ ഒഴിവിൽ സബ് സ്റ്റാഫിന് അവസരം നൽകും. എന്നാൽ പിന്നീടുള്ള നാല് ഒഴിവുകളിലും നിയമനം നടത്തുക സഹകരണ പരീക്ഷാബോർഡ് തയ്യാറാക്കിയ പുറത്തുനിന്നുള്ള ഉദ്യോഗാർഥികളുടെ പട്ടികയിൽനിന്നാകും. 1-4 എന്ന അനുപാതം മാറ്റില്ലെന്ന് മന്ത്രി അറിയിച്ചു.

ബോർഡ് തയ്യാറാക്കുന്ന പട്ടികയിൽനിന്ന് നിയമിക്കുന്നവർ ജോലി നേടിക്കഴിഞ്ഞ് തങ്ങളുടെ വീടിന് സമീപത്തുള്ള സംഘത്തിൽ ഒഴിവ് വന്നാൽ അവിടേക്ക് പോകുന്ന രീതിയുണ്ട്. ഇതോടെ ആദ്യത്തെ സംഘത്തിലെ ഒഴിവ് നികത്താതെ കിടക്കും. അവിടെ അർഹരായ സബ് സ്റ്റാഫ് ഉണ്ടെങ്കിലും ഒഴിവായ തസ്തികയിലേക്ക് നിയമനം കിട്ടുന്നില്ലെന്നും ഇത് മറ്റ് ക്ലാർക്കുമാർക്ക് ജോലിഭാരം കൂട്ടുന്നെന്നും ജീവനക്കാർ പരാതിപ്പെട്ടിരുന്നു. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന ജില്ലകളുടെ എണ്ണത്തിൽ പരിധിവെക്കണമെന്ന് ഈ സാഹചര്യത്തിൽ യൂണിയനുകൾ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല.

മന്ത്രിയും ജീവനക്കാരുമായി നടത്തിയ ചർച്ചയിൽ താഴെ പറയുന്ന കാര്യങ്ങളും തീരുമാനമായി.

* കമ്മീഷൻ ജീവനക്കാരായ നിക്ഷേപ പിരിവുകാരുടെയും അപ്രൈസർമാരുടെയും മാസവേതനം ഏകീകരിച്ച് 5000 രൂപയാക്കും. ഇവർക്ക് പെൻഷൻ ഫണ്ടിലേക്ക് വിഹിതം അടച്ച് പെൻഷൻ അനുവദിക്കുന്നത് പരിഗണിക്കും.

* ഇവരുടെ വിരമിക്കൽ പ്രായം 70 വയസാക്കും.

* സഹകരണ ആശുപത്രി, അർബൻ ബാങ്ക്, കാർഷിക ഗ്രാമവികസന ബാങ്ക്, പ്രാഥമികസംഘം എന്നിവിടങ്ങളിലെ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ജനുവരി 15-നകം പൂർത്തിയാക്കും.

* പാർട്ട്‌ടൈംകാരെ ഫുൾടൈം ജീവനക്കാരായി സ്ഥാനക്കയറ്റം നൽകുന്നത് പരിഗണിക്കും.