സീതത്തോട്(പത്തനംതിട്ട): പ്രധാനമന്ത്രിയുടെ കിസാൻ സമ്മാൻ നിധിയിൽനിന്ന് സഹായം ലഭിക്കുന്ന കർഷകരുടെ എണ്ണം കേരളത്തിൽ ഗണ്യമായി കുറയുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 9,64,087ൽപരം ആളുകൾക്കാണ് സഹായധനം നഷ്ടപ്പെട്ടത്. ശരിയായ രേഖകൾ സമർപ്പിക്കാത്തവരെയും കർഷകരല്ലാത്തവരെയും ഒഴിവാക്കുന്നതാണ് ഗുണഭോക്താക്കളുടെ എണ്ണം കുറയാനിടയാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, പദ്ധതി ആനുകൂല്യത്തിനായി അപേക്ഷിക്കുന്ന കർഷകരുടെ എണ്ണം സംസ്ഥാനത്ത് കൂടിയിട്ടുമുണ്ട്.കർഷകർക്ക് രണ്ടായിരം രൂപവീതം മൂന്നുഗഡുക്കളായി വർഷം ആറായിരം രൂപ സഹായം നൽകുന്നതാണ് പി.എം.കിസാൻ സമ്മാൻ നിധി. അപേക്ഷ നൽകുന്ന കർഷകർക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നൽകുന്നത്. 2019-ൽ തുടങ്ങിയ പദ്ധതിപ്രകാരം ആറുഗഡുക്കൾ ഇതുവരെ രാജ്യത്തെ കർഷകർക്ക് വിതരണം ചെയ്തു. വലിയ സ്വീകാര്യതയാണ് പദ്ധതിക്ക് ലഭിച്ചത്.സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 35,86,084 കർഷകരെയായാണ് ഗുണഭോക്താക്കളായി തിരഞ്ഞെടുത്തത്. ഇതിൽ 35,61,035 കർഷകർക്ക് ഒന്നാംഗഡു പണം ലഭിച്ചു. രണ്ടാംഗഡുവിൽ കർഷകരുടെ എണ്ണം 35,24,358 ആയി കുറഞ്ഞു. മൂന്നാംഗഡുവിൽ എണ്ണം 32,61,344 ആയി വീണ്ടും കുറഞ്ഞു. ഏറ്റവുമൊടുവിൽ ആറാംഗഡു വിതരണം ചെയ്തപ്പോഴേക്കും കർഷകരുടെ എണ്ണം 26,56,023 ആയാണ് കുറഞ്ഞത്.ആധാർ അധിഷ്ഠിതമായാണ് കർഷകർക്ക് പണം നൽകുന്നത്. അപേക്ഷകന്റെ ആധാറിലെയും ബാങ്ക് അക്കൗണ്ടിലെയും വിവരങ്ങളിൽ വ്യത്യാസം വന്നാൽ തുക ലഭിക്കില്ലെന്ന് കൃഷിവകുപ്പ് അധികൃതർ പറയുന്നു. ഇത്തരത്തിലാണ്, സംസ്ഥാനത്ത് ഭൂരിഭാഗം ആളുകൾക്കും ആനുകൂല്യം നഷ്ടപ്പെട്ടതെന്നും അവർ പറയുന്നു. ഒരുവർഷത്തിനിടെ മൂന്നുലക്ഷത്തിൽപ്പരം ആളുകളാണ്, പദ്ധതി ഗുണഭോക്താക്കളാകാൻ സംസ്ഥാനത്ത് അപേക്ഷിച്ചിട്ടുള്ളത്. പരമാവധി രണ്ടുഹെക്ടർ ഭൂമിയുള്ളവരെയും അഞ്ചുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവരെയുമാണ് പദ്ധതിയിൽ പരിഗണിക്കുക. ഈ വിവരങ്ങൾ മറച്ചുവെച്ച് അപേക്ഷ നൽകി പദ്ധതിത്തുക വാങ്ങിയവർക്ക്, പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ഇപ്പോൾ സംസ്ഥാനവ്യാപകമായി കൃഷിവകുപ്പ് നോട്ടീസ് നൽകിത്തുടങ്ങിയിട്ടുമുണ്ട്.