കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ജാമ്യഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. വിശദീകരണത്തിന് കസ്റ്റംസ് സമയം തേടിയതിനെത്തുടർന്നാണ് ജസ്റ്റിസ് വി. ഷെർസിയുടെ നടപടി.

കേസിലെ രണ്ടാംപ്രതിയാണ് അർജുൻ. കീഴ്‌ക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 29 മുതൽ ജയിലിലാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് അർജുനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിജയഭാനു ആവശ്യപ്പെട്ടത്.

ഒന്നാംപ്രതി മുഹമ്മദ് െഷഫീഖിന്റെ തെറ്റായ മൊഴിയുടെ അടിസ്ഥാനത്തിൽ തന്നെ കേസിൽ പ്രതിയാക്കുകയായിരുന്നുവെന്നാണ് അർജുന്റെ വാദം. കസ്റ്റംസ് കസ്റ്റഡിയിൽ ഉപദ്രവിച്ചെന്ന് ഹർജിയിൽ ആരോപിക്കുന്നു.

മുഹമ്മദ് ഷഫീഖുമായി ചേർന്ന് സ്വർണം കടത്തിക്കൊണ്ടുപോകാനായിരുന്നു അർജുന്റെ ശ്രമമെന്നാണ് കസ്റ്റംസിന്റെ ആരോപണം.