ചിറയിൻകീഴ്: മുതലപ്പൊഴിയിൽ താഴംപള്ളി പള്ളിക്കു സമീപം കടലിൽ കുളിക്കുന്നതിനിടെ കാണാതായ നവവരന്റെ മൃതദേഹം കണ്ടെത്തി. നഗരൂർ കൊടുവഴന്നൂർ ഗണപതിയാംകോണത്ത് വിളയിൽ വീട്ടിൽ അനുരാജാണ്(25) മരിച്ചത്.

ചൊവ്വാഴ്ച രാവിലെ മുതലപ്പൊഴിയിൽനിന്നു മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് ഉൾക്കടലിൽ മൃതദേഹം കണ്ട വിവരം കോസ്റ്റൽ പോലീസിനെ അറിയിച്ചത്. മറൈൻ എൻഫോഴ്‌സ്‌മെന്റ് അധികൃതരും കോസ്റ്റൽ പോലീസും ചേർന്ന് മൃതദേഹം താഴംപള്ളി ഹാർബറിലെത്തിച്ചു. തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

തിരുവോണദിവസം വൈകീട്ട് ആറരയ്ക്കാണ് അപകടമുണ്ടായത്. അനുരാജും ഭാര്യയും ഉൾപ്പെടെ എട്ടു പേരാണ് തിരുവോണദിവസം മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയത്. അനുരാജും മൂന്നു സുഹൃത്തുക്കളും കടലിൽ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് എല്ലാവരും മുങ്ങിത്താഴുകയായിരുന്നു. മൂന്നുപേർക്കു രക്ഷപ്പെടാൻ സാധിച്ചു.

ആറ്റിങ്ങൽ ബി.കെ. ഓട്ടോമൊബൈൽസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനുരാജ്. നഗരൂർ കൊടുവഴന്നൂർ ഗണപതിയാംകോണത്ത് വിളയിൽ വീട്ടിൽ അനിരുദ്ധന്റെയും മഞ്ജുവിന്റെയും മകനാണ്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിൽ രണ്ടു മാസം മുൻപായിരുന്നു ഭാഗ്യയുമായുള്ള വിവാഹം.

അപകടം നടന്ന് മൂന്നു ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്. അനുരാജിന്റെ സുഹൃത്തുക്കളും ബന്ധുകളും കഴിഞ്ഞ ദിവസം മുഴുവൻ മുതലപ്പൊഴിയിൽ കാത്തിരിപ്പു തുടരുകയായിരുന്നു. സഹോദരൻ: അനുരാഗ്. കോവിഡ് പരിശോധനകൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും.