കൊച്ചി: എൻ.സി.പി.യിലെ തർക്കങ്ങൾ മുഖ്യമന്ത്രിയുടെ മുന്നിലേക്ക്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലുള്ള അംഗംതന്നെ പ്രവർത്തകരോട് മോശമായി പെരുമാറുന്നുവെന്നു കാട്ടി എൻ.സി.പി. പ്രവർത്തകൻ തന്നെയാണ് ഓഡിയോ ക്ലിപ്പ് സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

പി.സി. ചാക്കോ പ്രസിഡന്റായ ശേഷം നേതൃത്വത്തിനെതിരേ പഴയ എൻ.സി.പി. പ്രവർത്തകർ നവമാധ്യമങ്ങളിലൂടെ ശക്തമായി പ്രതികരിച്ചുകൊണ്ടിരിക്കുകയാണ്. അതിലേക്കാണ് പുതിയ ശബ്ദസന്ദേശവും എത്തിയിരിക്കുന്നത്. അത്തരം ഗ്രൂപ്പുകളെല്ലാം പിരിച്ചുവിടണമെന്ന നിർദേശം മീഡിയാ സെൽ ചെയർമാൻ പാർട്ടി ഘടകങ്ങൾക്ക് നൽകിയിട്ടുണ്ട്.

പ്രവർത്തകർക്ക് കൂച്ചുവിലങ്ങിടുന്ന നീക്കമാണ് നേതൃത്വത്തിൽനിന്നുണ്ടാവുന്നതെന്ന പരാതിയാണ് പഴയ നേതാക്കൾക്കുള്ളത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഉള്ളവർ പാർട്ടി ഓഫീസിൽ ഇരിക്കുന്നതും സംസ്ഥാന പ്രസിഡന്റിന്റെ ഡ്രൈവറായി പണിയെടുക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടിയുള്ള പരാതികളും മുഖ്യമന്ത്രിക്ക് പോയിട്ടുണ്ട്.