കാക്കനാട്: തൃക്കാക്കര നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പനെതിരേ എൽ.ഡി.എഫ്. അവതരിപ്പിച്ച അവിശ്വാസ പ്രമേയം യു.ഡി.എഫ്. വിട്ടുനിന്നതോടെ പരാജയപ്പെട്ടു. കൗൺസിലിൽ ക്വാറം തികഞ്ഞില്ല. കോവിഡ് പോസിറ്റീവായ ഇടതു കൗൺസിലറുൾപ്പെടെ യോഗത്തിനെത്തിയിരുന്നു.

വ്യാഴാഴ്ച 10.30-ന് മുനിസിപ്പൽ മേഖല ജോ. ഡയറക്ടർ അരുൺ രങ്കന്റെ അധ്യക്ഷതയിലാണ് അവിശ്വാസ പ്രമേയ യോഗം തുടങ്ങിയത്. പ്രതിപക്ഷത്തുനിന്ന് 18 അംഗങ്ങൾ സന്നിഹിതരായിരുന്നു. യു.ഡി.എഫിലെ 21 പേരും കോൺഗ്രസ് വിമതരായ നാലുപേരും വിട്ടുനിന്നു. ക്വാറം തികയണമെങ്കിൽ 22 അംഗങ്ങൾ വേണമായിരുന്നു. ഇതേ തുടർന്ന് മുനിസിപ്പൽ ജോ. ഡയറക്ടർ അവിശ്വാസ പ്രമേയം തള്ളി.

ഓണസമ്മാന വിവാദത്തിന് തുടർച്ചയെന്നോണം അവതരിപ്പിച്ച അവിശ്വാസ പ്രമേയം സംബന്ധിച്ച് എൽ.ഡി.എഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. അജിത തങ്കപ്പനെതിരേ രംഗത്തെത്തിയ കോൺഗ്രസ് എ ഗ്രൂപ്പിലെ ഒരു വിഭാഗം കൗൺസിലർമാരടക്കം അവിശ്വാസത്തിന് പിന്തുണ നൽകിയേക്കുമെന്ന് സൂചന ലഭിച്ചിരുന്നു. എങ്കിലും അവസാന നിമിഷം എല്ലാ അംഗങ്ങളെയും ഒരുമിച്ചുനിർത്തി അവിശ്വാസത്തെ ചെറുക്കുന്നതിൽ യു.ഡി.എഫ്. വിജയിച്ചു.

കോവിഡ് സ്ഥിരീകരിച്ച നഗരസഭയിലെ 18-ാം ഡിവിഷൻ (കണ്ണങ്കേരി) കൗൺസിലർ സുമ മോഹനാണ് പി.പി.ഇ. കിറ്റ് ധരിച്ച് യോഗത്തിനെത്തിയത്.

43 അംഗ സഭയിൽ അവിശ്വാസം പാസാകാൻ 22 പേരുടെ പിന്തുണ വേണം. യു.ഡി.എഫ്.-21 (കോൺഗ്രസ് 16, മുസ്‌ലിം ലീഗ് 5). എൽ.ഡി.എഫ്.-17 (സി.പി.എം. 15, സി.പി.ഐ. രണ്ട്.). കോൺഗ്രസ് വിമതർ അഞ്ച് എന്നിങ്ങനെയാണ് കക്ഷി നില.

യു.ഡി.എഫിന് ഭരണത്തിന് ഒരാളുടെ കുറവാണുണ്ടായിരുന്നത്. നാല് കോൺഗ്രസ് വിമതരുടെ പിന്തുണ നിലവിൽ യു.ഡി.എഫിനുണ്ട്. കോൺഗ്രസ് വിമതനായ പി.സി. മനൂപ് തുടക്കത്തിൽ യു.ഡി.എഫിനൊപ്പമായിരുന്നെങ്കിലും പിന്നീട് എൽ.ഡി.എഫിനൊപ്പം ചേർന്നതോടെയാണ് എൽ.ഡി.എഫ്. അംഗസംഖ്യ 18 ആയത്. അവിശ്വാസ പ്രമേയം തള്ളിയതിനു പിന്നാലെ നഗരസഭയ്ക്കു പുറത്ത് യു.ഡി.എഫ്. അംഗങ്ങൾ പ്രകടനം നടത്തി.