തിരുവനന്തപുരം: ഇ-ബസ് നിർമാണം ഉൾപ്പെടെയുള്ള ഇ-മൊബിലിറ്റി പദ്ധതിയിലെ കൺസൽട്ടൻസി കരാറിൽനിന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെ ഒഴിവാക്കി. നിശ്ചയിച്ച സമയത്തിനുള്ളിൽ സാധ്യതാപഠന റിപ്പോർട്ട് നൽകാത്തതിനെത്തുടർന്നാണ് ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, പ്രതിപക്ഷ ആരോപണം ശരിവെച്ചതുകൊണ്ടാണ് സർക്കാർ നടപടിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് സ്വിസ് കമ്പനിയായ ഹെസ്സുമായി ചേർന്ന് 3000 ഇലക്‌ട്രിക് ബസ് നിർമിക്കുന്നതായിരുന്നു ഇ-മൊബിലിറ്റിയിലെ ഒരു പദ്ധതി. വിവിധ ജില്ലകളിൽ ലോജിസ്റ്റിക് പോർട്ടുകൾ നിർമിക്കുന്നതാണ് മറ്റൊന്ന്.

ആഗോള ടെൻഡർ വിളിക്കാതെ ഹെസ്സുമായി ധാരണയിലെത്തിയതിൽ അഴിമതിയുണ്ടെന്നായിരുന്നു പ്രതിപക്ഷ ആരോപണം. മാത്രമല്ല, ഹെസ്സിനെ കണ്ടെത്തിയത് എങ്ങനെയാണെന്ന് ചീഫ് സെക്രട്ടറിയും സാധ്യതാപഠനം പോലും നടത്താതെ പദ്ധതി തീരുമാനിച്ചത് എങ്ങനെയാണെന്ന് ധനവകുപ്പും സംശയമുന്നയിച്ചിരുന്നു.

എതിർപ്പുയർന്നതിനു പിന്നാലെ മുഖ്യമന്ത്രി സെക്രട്ടറിമാരുടെ യോഗം വിളിച്ചു. ഈ യോഗത്തിലാണ് പി.ഡബ്ള്യു.സി. എന്ന കമ്പനിക്ക് ഇ-ബസ് നിർമാണത്തെക്കുറിച്ച് സാധ്യതാപഠനം നടത്താനുള്ള കൺസൽട്ടൻസി കരാർ നൽകുന്നത്.

മാർച്ച് 31-നകം റിപ്പോർട്ട് നൽകണമെന്നായിരുന്നു സർക്കാർ നിർദേശം. ഇത് നൽകാത്തതിനെത്തുടർന്നാണ് പി.ഡബ്ല്യു.സി.യെ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. ഇതൊരു മുടന്തൻ ന്യായമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മാർച്ചിൽ റിപ്പോർട്ട് നൽകിയില്ലെങ്കിൽ ഏപ്രിലിൽത്തന്നെ നടപടി സ്വീകരിക്കേണ്ടതാണ്. എന്നാൽ, നടപടിയെടുത്തത് ഓഗസ്റ്റിലാണ്. ഇത് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് -ചെന്നിത്തല പറഞ്ഞു.

പി.ഡബ്ല്യു.സി.ക്കുപകരം ചുമതല കെ.പി.എം.ജി.ക്കാണ് നൽകിയത്. പ്രതിമാസം 11.20 ലക്ഷം രൂപയാണ് കെ.പി.എം.ജി.ക്ക് സർക്കാർ കൺസൽട്ടൻസി ഫീസായി നൽകുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.