കണ്ണൂർ: തീവണ്ടിയിൽ ഇനി മീൻമുതൽ ബൈക്ക് വരെയുള്ള പാഴ്‌സലുകൾ 120 ദിവസംമുമ്പ് ബുക്കുചെയ്യാം. കേരളത്തിൽ പാഴ്‌സൽ റിസർവേഷൻ ഉടൻ തുടങ്ങും. നിലവിൽ അതത് ദിവസം പാഴ്‌സൽ ബുക്കുചെയ്യണം.

യാത്രാതീവണ്ടികൾ കുറവായ സാഹചര്യത്തിലാണ് റെയിൽവേ പാഴ്‌സലിൽ കൂടുതൽ വൈവിധ്യം തേടുന്നത്. ഓൺലൈനിൽ ബുക്കുചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ അതത് ഡിവിഷനുകൾ നടപ്പാക്കും. വണ്ടികളിൽ ദിവസം ബുക്കുചെയ്യുമ്പോൾ പലർക്കും സാധനങ്ങൾ ഏൽപ്പിക്കാൻ പറ്റാതെവരുന്നു എന്നതാണ് മാറ്റത്തിനുകാരണം.

മുൻകൂട്ടി ബുക്കുചെയ്യുമ്പോൾ തുകയുടെ 10 ശതമാനം ആ സമയം അടയ്ക്കണം. 72 മണിക്കൂറിനുമുമ്പ് റദ്ദാക്കിയാൽ തുകയുടെ 50 ശതമാനം കിട്ടും. 72 മണിക്കൂറിനുശേഷം റദ്ദുചെയ്താൽ തുക തിരിച്ചുകിട്ടില്ല. ടെലിസ്കോപിക് രീതിയിലാണ് നിരക്ക് ഈടാക്കുന്നത്. കിലോമീറ്റർ കൂടുന്നതിനനുസരിച്ച് ക്വിന്റൽതൂക്കത്തിന്റെ നിരക്ക് കുറയും.