തിരുവനന്തപുരം: എസ്.എഫ്.ഐ.യും ആർ.എസ്.എസും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് എ.ഐ.എസ്.എഫ്. സംസ്ഥാന സെക്രട്ടറി ജെ. അരുൺ ബാബുവും ജനറൽ സെക്രട്ടറി ആർ.എസ്. രാഹുൽരാജും പത്രസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ എസ്.എഫ്.ഐ. കിണറ്റിലകപ്പെട്ട തവളയുടെ അവസ്ഥയിലാണ്. മറ്റു സംസ്ഥാനങ്ങളിൽ എ.ബി.വി.പി. ചെയ്യുന്ന അതേ കാര്യങ്ങൾ തന്നെയാണ് കേരളത്തിൽ എസ്.എഫ്.ഐ. ചെയ്യുന്നത്. എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം കെ.എം. അരുണിന്റെ നേതൃത്വത്തിലാണ് എം.ജി. സർവകലാശാലയിൽ എ.ഐ.എസ്.എഫ്. നേതാക്കളെ ആക്രമിച്ചത്. തെറ്റുപറ്റിയെന്ന് പറയാൻപോലും അവർ തയ്യാറല്ല. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണം. അക്രമത്തിന് നേതൃത്വംകൊടുത്ത മന്ത്രിയുടെ സ്റ്റാഫ് അംഗത്തെ പുറത്താക്കണം. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് ഭാരവാഹികൾ പറഞ്ഞു.