കൊച്ചി: കസ്റ്റഡിയിലുള്ള പ്രതികൾക്ക് വിശദമായ പരിശോധന ആവശ്യമെന്ന് കണ്ടാൽ ഡോക്ടർക്ക് അതിന് അനുമതി നൽകുന്നത് സംബന്ധിച്ച്‌ സർക്കാർ രണ്ടുമാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റേതാണ് ഉത്തരവ്.

മലപ്പുറം താണാലൂർ ഫാമിലി ഹെൽത്ത് സെന്ററിലെ അസി. സർജനായ ഡോ. കെ. പ്രതിഭയാണ് ഹർജി നൽകിയത്. പ്രതികളുടെ വൈദ്യപരിശോധനയുടെ കാര്യത്തിൽ വ്യക്തമായ മാനദണ്ഡങ്ങൾ വേണമെന്നാണ് ആവശ്യം.

വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്ന പ്രതികളുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങൾ പരിശോധിക്കണമെന്ന് വ്യക്തമാക്കി ആരോഗ്യവകുപ്പ് ഡയറക്ടർ ജൂൺ നാലിന് സർക്കുലർ ഇറക്കിയിരുന്നു. ജൂൺ 14-ന് മറ്റൊരു സർക്കുലറിലൂടെ ഇത്‌ മരവിപ്പിച്ചു. പ്രതികളുടെ വിശദമായ വൈദ്യപരിശോധനയ്ക്ക് ഈ സർക്കുലർ തടസ്സമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർന്നാണ് രണ്ടുമാസത്തിനകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശിച്ചത്. അതുവരെ രണ്ടാമത്തെ സർക്കുലർ വൈദ്യപരിശോധനയ്ക്ക് തട സ്സമാകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.