ആലപ്പുഴ: സ്വവർഗാനുരാഗികളെക്കുറിച്ച് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതിന് കൂടുതൽ വ്യാഖ്യാനങ്ങളുമായി കത്തോലിക്ക സഭ. അവരുടെ നിയമപരിരക്ഷ, കുടുംബം എന്നിവയെക്കുറിച്ച് പറഞ്ഞതിലാണ് വ്യാഖ്യാനങ്ങൾ വരുന്നത്.
കുടുംബജീവിതത്തെക്കുറിച്ചും സ്വവർഗ ലൈംഗികതയെക്കുറിച്ചുമുള്ള കത്തോലിക്ക സഭയുടെ പ്രബോധനങ്ങളിൽ ഒരുമാറ്റവും വന്നിട്ടില്ലെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി(കെ.സി.ബി.സി.) വ്യക്തമാക്കി. സ്വവർഗവിവാഹ സാധുതയെ ഫ്രാൻസിസ് മാർപാപ്പ ന്യായീകരിച്ചിട്ടില്ല.
എൽ.ജി.ബി.ടി. വിഭാഗങ്ങളും ദൈവമക്കളാണെന്നും മാനുഷികമായ എല്ലാ കരുതലും പരിഗണനയും സ്നേഹവും അവരും അർഹിക്കുന്നുണ്ടെന്നും മാർപാപ്പ മുൻപും പറഞ്ഞിട്ടുണ്ട്. സ്വവർഗലൈംഗിക ആഭിമുഖ്യങ്ങളെയും സ്വവർഗ ലൈംഗിക പ്രവൃത്തികളെയും വേർതിരിച്ചുകാണണം. സ്വവർഗബന്ധത്തിൽ ഏർപ്പെടുന്നവർക്ക് കുടുംബങ്ങൾക്ക് തുല്യമായ നിയമപരിരക്ഷ നൽകണമെന്ന് മാർപാപ്പ പറഞ്ഞിട്ടില്ല. സ്വവർഗാനുരാഗികൾ ഒരുമിച്ച് താമസിക്കുന്നതിനെ വിവാഹമായി സഭ കരുതുന്നില്ല. ഇതിനെ സിവിൽബന്ധമായി വിവിധരാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ഇങ്ങനെ സിവിൽ ബന്ധങ്ങളിൽ ജീവിക്കുന്നവരുടെ അജപാലന ശുശ്രൂഷ സഭ ഗൗരവമായി ചിന്തിക്കുന്നു-കെ.സി.ബി.സി. മീഡിയ കമ്മിഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കുന്നു.
ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ളതും ജീവനോട് തുറവിയുള്ളതുമായ ശാശ്വതബന്ധം മാത്രമാണ് വിവാഹമെന്ന് പാപ്പാ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘സത്യദീപ’ത്തിൽ ഫാ. മാത്യു കിലുക്കൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് സ്വവർഗവിവാഹത്തെ സഭ അംഗീകരിക്കുമോ എന്ന ചോദ്യംതന്നെ അപ്രസക്തമാണ്. സ്വവർഗപ്രേമികളുടെ സിവിൽ യൂണിയനുകൾക്ക് നിയമപരിരക്ഷ നൽകുന്നതിന് അനുകൂലമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് അതിനർഥം. ഒറ്റവാക്യത്തിൽ ഇതുപോലൊരു വിഷയം വിശദീകരിക്കുക പ്രായോഗികമല്ല. വത്തിക്കാനിൽനിന്ന് കൂടുതൽ വിശദീകരണം പ്രതീക്ഷിക്കുന്നുവെന്നും ഫാ. കിലുക്കൻ എഴുതുന്നു.
സ്വവർഗ ലൈംഗികാഭിമുഖ്യമുള്ളവർക്ക് ഒരു കുടുബത്തിന്റെ ഭാഗമായിരിക്കാൻ അവകാശമുണ്ടെന്നാണ് മാർപാപ്പ വ്യക്തമാക്കിയതെന്ന് മാനന്തവാടി രൂപതയിലെ ഫാ. നോബിൾ പാറയ്ക്കൽ വിശദീകരിച്ചു. മാർപാപ്പ ഉദ്ദേശിക്കുന്നത് അവർ പിറന്നുവീണ കുടുംബത്തെക്കുറിച്ചാണ്. അവരും ദൈവമക്കളാണ്. ആരും പുറത്തെറിയപ്പെടരുത് -അദ്ദേഹം വ്യക്തമാക്കി.