കൊച്ചി: സപ്ലൈകോയിൽ താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം നടക്കുന്നതായി ആരോപണം. ഈ മാസം ഒമ്പതിനാണ് ആറ് വർഷത്തിൽ അധികമായി സപ്ലൈകോയിൽ ജോലി ചെയ്യുന്ന താത്‌കാലിക ജീവനക്കാരുടെ എണ്ണം ക്രോഡീകരിച്ച് അടിയന്തരമായി നൽകാനുള്ള സർക്കുലർ പുറത്തിറങ്ങിയത്. 24 മണിക്കൂറിനുള്ളിൽ വിവരങ്ങൾ നൽകാൻ ആവശ്യപ്പെട്ട് എല്ലാ മേഖല ജനറൽ മാനേജർമാർക്കുമാണ് സർക്കുലർ ലഭിച്ചത്.
വിവരങ്ങൾ നൽകിയവരുടെ പോലീസ് ക്ലിയറൻസ് നടപടികളും നടക്കുന്നുണ്ട്. ഇതിനാൽത്തന്നെ ഇവരെ നിയമിക്കാനായുള്ള നീക്കമാണെന്നാണ് ആരോപണം. നിലവിൽ അസിസ്റ്റന്റ് സെയിൽസ്‌മാൻ (എ.എസ്.എം.) റാങ്ക് ലിസ്റ്റിലുള്ളവരുടെ കൂട്ടായ്മയാണ് ഇത് തങ്ങളെ തഴഞ്ഞ് തൊഴിലാളി സംഘടനക്കാരുടെ ഇഷ്ടക്കാരെ നിയമിക്കുന്നതിനുള്ള ശ്രമമെന്ന് വാദിക്കുന്നത്.
നിലവിൽ സ്റ്റേ ഉള്ളതിനാൽത്തന്നെ താത്‌കാലിക ജീവനക്കാരെ എ.എസ്.എം. തസ്തികയിൽ നിയമിക്കാൻ കഴിയില്ല. എന്നാൽ, ഇതേ ജോലി ചെയ്യുന്ന താത്‌കാലിക ജീവനക്കാരെ അതിനു താഴെ ഒരു തസ്തിക സൃഷ്ടിച്ച് സ്ഥിരപ്പെടുത്താൻ കഴിയും. പിന്നീട് എ.എസ്.എം. ലിസ്റ്റിന്റെ കാലാവധി തീരുമ്പോൾ ഇവർക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്യാം.
നിലവിൽ അസിസ്റ്റന്റ് സെയിൽസ്‌മാൻ റാങ്ക് പട്ടിക നിലവിലുണ്ടെങ്കിലും, നിയമനം വളരെ കുറവാണ് നടക്കുന്നത്. എറണാകുളം ജില്ലയിൽ 1978 ആളുകളുടെ റാങ്ക് പട്ടിക നിലവിലുള്ളപ്പോൾ ഇതുവരെ 208 പേർക്ക് മാത്രമാണ് നിയമന ശുപാർശ നൽകിയിരിക്കുന്നത്. മറ്റു ജില്ലകളിലും സമാനമാണ് സാഹചര്യം. ആവശ്യത്തിന് തസ്തികയില്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ഇതിനിടെയാണ് വീണ്ടും നോട്ടിഫിക്കേഷൻ വിളിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 1996-ൽ 2100 എ.എസ്.എം. തസ്തികയാണുണ്ടായിരുന്നത്. പിന്നീട് ഔട്ട്‌ലെറ്റുകളുടെ എണ്ണം വർധിച്ചു. എന്നാൽ, 2007 ആയപ്പോഴേക്കും അസിസ്റ്റന്റ് സെയിൽസ്‌മാൻ തസ്തിക 1488 ആയി കുറയുകയായിരുന്നു. പിന്നീട് 2018-ൽ 151 തസ്തിക അനുവദിച്ചു. ഇതുംകൂടി കൂട്ടി നിലവിൽ പി.എസ്.സി. വഴി നിയമനം നടക്കുന്നത് 1839 തസ്തികകളിൽ മാത്രമാണ്. 700 ഔട്ട്‌ലെറ്റുകളിൽ പുതിയതായി എ.എസ്.എം. തസ്തികകൾ അനുവദിച്ചതുമില്ല. ഇതിലെല്ലാം ഇന്ന് താത്‌കാലികക്കാർ ആണ് ജോലി ചെയ്തുവരുന്നത്. അയ്യായിരത്തിലധികം താത്‌കാലിക ജീവനക്കാർ സപ്ലൈകോയിൽ വിവിധയിടങ്ങളിലായി ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
ആരോപണങ്ങളിൽ കഴമ്പില്ല
ഡേറ്റാ ബേസ് എടുക്കുന്നതിന്റെ ഭാഗമായി താത്‌കാലിക ജീവനക്കാരുടെ വിവരങ്ങൾ എടുത്തതാണ്. അല്ലാതെ പറഞ്ഞ ആരോപണങ്ങൾക്ക് കഴമ്പില്ല. തന്റെ അറിവിൽ ഇത്തരത്തിലുള്ള ഒരു നീക്കം നടക്കുന്നതായി അറിവില്ല.
- പി.എം. അലി അസ്ഗർ പാഷ (സപ്ലൈകോ സി.എം.ഡി.)