തൃശ്ശൂർ: മെക്കാനിക്കൽ എൻജിനീയറിങ് പഠനം മൂന്നാംവർഷത്തിൽ നിർത്തുകയാണെന്ന് മുഹമ്മദ് ബിലാൽ പറഞ്ഞപ്പോൾ ബാപ്പ ഇഖ്ബാലിന്റെ മറുപടി ഇങ്ങനെയായിരുന്നു-‘‘നിനക്കിഷ്ടപ്പെട്ട പാത നീ തിരഞ്ഞെടുക്കുക’’. പഠനം വിട്ട് ബിലാൽ തിരഞ്ഞെടുത്ത വഴി തെറ്റിയില്ല. ഗ്രാഫിക് ഡിസൈനിങ്ങിലേക്ക് കടന്ന ബിലാൽ 2018 സെപ്റ്റംബറിൽ ഹംഗറിയിൽ നടന്ന ആറാമത് യൂറോ സ്‌കിൽസ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത്‌ സർട്ടിഫിക്കറ്റ് നേടി. 2018-ലെ ഇന്ത്യാ സ്‌കിൽസ് മത്സരത്തിൽ ഗ്രാഫിക് ഡിസൈനിങ്ങിൽ‍ തൃശ്ശൂർ ജില്ലയിൽനിന്നും സംസ്ഥാനത്തുനിന്നും ദക്ഷിണേന്ത്യയിൽനിന്നും ഒന്നാമതെത്തി. ദേശീയതലത്തിൽ നാലാമതെത്തിയാണ് രാജ്യത്തെ പ്രതിനിധാനം ചെയ്ത്‌ യൂറോപ്പിലെത്തി ആഗോളമത്സരത്തിലും നേട്ടമുണ്ടാക്കിയത്.

ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക എഫ്.സി. ടീമുകളും അണിയുന്ന ജഴ്സികളുടെ ഡിസൈനുകൾ‍ ഇരുപത്തിനാലുകാരനായ മുഹമ്മദ് ബിലാലിന്റെ ഭാവനയിൽ വിരിഞ്ഞവയാണ്. കേരളത്തിന്റെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ ജഴ്സിയും തൃശ്ശൂർ ചൊവ്വല്ലൂർ കറപ്പംവീട്ടിൽ കെ.െഎ. മുഹമ്മദ് ബിലാൽ തയ്യാറാക്കിയതാണ്.

ടി 20 വേൾഡ് കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ജഴ്സി ഡിൈസൻ ചെയ്തത് മുഹമ്മദ് ബിലാലും സംഘവുമാണെന്ന് അറിയുന്നവർ ചുരുക്കം. ഇന്ത്യാ സ്‌കിൽസ് 2021-ന്റെ ഉദ്ഘാടനവേളയിൽ ചെയർമാൻ ജയ്‌കാന്ത്സിങ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സി തയ്യാറാക്കിയ ബിലാൽ എന്ന യുവാവിന്റെ നേട്ടത്തെപ്പറ്റി അഭിമാനത്തോടെ അവതരിപ്പിച്ചിരുന്നു.

പ്രശസ്ത ജഴ്സി നിർമാണക്കമ്പനിയായ സിക്സ് ഫൈവ് സിക്സ് സ്പോർട്ടിൽ സീനിയർ സ്പോർട്സ്‍വെയർ ഡിസൈനറാണ് ബിലാൽ. ഒരുവർഷംമുമ്പാണ് ഇവിടെ ചേർന്നത്. രാജ്യത്തെ പത്തോളം എഫ്.സി.കളുടെ ജഴ്സികൾ ബിലാൽ ഡിസൈൻ ചെയ്തതാണ്.

ഒൻപതിൽ പഠിക്കുമ്പോഴാണ് ആദ്യനേട്ടം എത്തിയത്. അന്ന് ജില്ലാ സ്‌കൗട്ട് ആൻഡ് ഗൈഡിന്റെ ആഘോഷത്തിനായി വിദ്യാർഥികളിൽനിന്ന് ലോഗോ ക്ഷണിച്ചിരുന്നു. ബിലാൽ തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്.

എൻ‍ജിനീയറിങ് പഠനം ഉപേക്ഷിച്ചശേഷം മണിപ്പാൽ അക്കാദമി ഒാഫ് ഹയർ എജ്യൂക്കേഷനിൽനിന്ന് ബി.എസ്‌സി. ആനിമേഷൻ കോഴ്സ് പാസായി. ബാപ്പ ഇക്ബാൽ ഗുരുവായൂരിൽ മരവ്യാപാരിയാണ്. ഉമ്മ: ഹസീന. സഹോദരൻ: മുഹമ്മദ് ഹിലാൽ എം.എസ്‌സി. സൈക്കോളജി പഠിക്കുന്നു. സഹോദരി സഹദിയ സി.എ. കഴിഞ്ഞ് ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ്.