എടപ്പാൾ: 1800 കോടി രൂപയുടെ ബാധ്യതയുമായി വൈദ്യുതിബോർഡ് നിരക്ക് വർധനയ്ക്കൊരുങ്ങുമ്പോൾ ബോർഡിനു പിരിഞ്ഞുകിട്ടാനുള്ളത് 3074 കോടി രൂപ. വിവിധ സർക്കാർ വകുപ്പുകളും ഗാർഹിക ഉപഭോക്താക്കളുമടക്കം അടയ്ക്കാനുള്ള തുകയാണിത്. ബില്ലടച്ചില്ലെങ്കിലും വൈദ്യുതി വിച്ഛേദിക്കരുതെന്ന് കോവിഡ് കാലത്ത് സർക്കാർ നിർദേശിച്ചിരുന്നു. ഈ ഉത്തരവും കോവിഡ് ഇളവുകളുമാണ് കുടിശ്ശിക വർധിക്കാൻ പ്രധാന കാരണം.

ജല അതോറിറ്റിയാണ് കൂടുതൽ തുക നൽകാനുള്ളത്; 900 കോടി രൂപ. ബി.എസ്.എൻ.എൽ. ഉൾപ്പെടെ കേന്ദ്രസ്ഥാപനങ്ങൾ 66 കോടി രൂപ നൽകാനുണ്ട്. റവന്യൂവകുപ്പിൽ എറണാകുളം, ആലപ്പുഴ, പാലക്കാട്, പത്തനംതിട്ട ജില്ലകൾ മാത്രമാണ് കുടിശ്ശികയില്ലാതെ മുന്നോട്ടുപോകുന്നത്. കണ്ണൂർ-4,01,977, കോട്ടയം-47,622, കോഴിക്കോട്-1,01,328, മലപ്പുറം-3,00,747, തിരുവനന്തപുരം-2,20,361, തൃശ്ശൂർ-6,57,903 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ റവന്യൂവിൽനിന്നു കിട്ടാനുള്ളത്.

സർക്കാർ സ്ഥാപനങ്ങളുടെ കുടിശ്ശിക കുറയ്ക്കാൻ ഏറ്റവും നല്ല മാർഗമാണ് കേന്ദ്രീകൃത ബില്ലിങ്. ഇതു കൂടുതൽ വകുപ്പുകളിലേക്കു മാറ്റാനുള്ള കഠിന പ്രയത്‌നത്തിലാണ് ബോർഡ്. റവന്യൂവകുപ്പ് കേന്ദ്രീകൃത ബില്ലിങ് അവസാനഘട്ടത്തിലാണ്. കൊല്ലം, വയനാട്, ഇടുക്കി, കാസർകോട് ജില്ലകളൊഴികെയെല്ലാം കേന്ദ്രീകൃതമായി. ആറുമാസത്തിനകം കുടിശ്ശികയില്ലാത്ത അവസ്ഥയിലേക്ക് റവന്യൂവകുപ്പിനെ മാറ്റാനുള്ള കഠിന പ്രയത്‌നത്തിലാണ് വൈദ്യുതി വകുപ്പ്.

മൂന്നുവർഷം മുൻപ് 5500 ഉപഭോക്താക്കളാണ് കേന്ദ്രീകൃത ബില്ലിങ് സംവിധാനത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 18,000 സ്ഥാപനങ്ങളുണ്ട്. മാസവരുമാനം അഞ്ചുകോടിയിൽനിന്ന് 13 കോടിയായി.

ബോർഡിനു കിട്ടാനുള്ളത്

സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ: 118.18 കോടി രൂപ.

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ: 952.43 കോടി.

പൊതു സ്ഥാപനങ്ങൾ: 49.99 കോടി.

തദ്ദേശസ്ഥാപനങ്ങൾ: 8.92 കോടി

കേന്ദ്രസർക്കാർ വകുപ്പുകൾ: 3.37 കോടി

കേന്ദ്ര പൊതുമേഖല: 65.77 കോടി

ഗാർഹിക ഉപഭോക്താക്കൾ: 662.63 കോടി

സ്വകാര്യസ്ഥാപനങ്ങൾ: 1137.73 കോടി

കാപ്റ്റീവ് പവർപ്ലാന്റ്: 60.90 കോടി