തിരുവനന്തപുരം: കേസരി ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ നിലപാടുകളും അഭിപ്രായങ്ങളും താത്വികമായി വ്യക്തമാക്കി സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തിരഞ്ഞെടുപ്പിലെ പ്രതീക്ഷകളും അദ്ദേഹം പങ്കുവെച്ചു.
*പോലീസ് നിയമ ഭേദഗതി പിൻവലിക്കേണ്ടി വന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
=ഉത്‌പതിഷ്ണുക്കളും വിവിധ ചിന്താഗതിക്കാരും ആശങ്ക ചൂണ്ടിക്കാട്ടിയപ്പോൾ തിരുത്തലുകൾ വരുത്തുന്നത് മഹനീയവും ഉദാത്തമായ ജനാധിപത്യ മാതൃകയുമാണ്.
*ഈ ആശങ്കയും ദുരുപയോഗസാധ്യതയും ഓർഡിനൻസ് ഇറക്കുന്നതിനുമുമ്പ് പാർട്ടിയിൽ ചർച്ചനടത്തിയപ്പോൾ മനസ്സിലായില്ലേ?
ചോദ്യം താർക്കിക പ്രാധാന്യമുള്ളതാണ്. ഇപ്പോഴുണ്ടായ തീരുമാനത്തിൽ നിൽക്കാം. അതിനപ്പുറം അന്വേഷിക്കുന്നത് നിഷ്പ്രയോജനമാണ്.
നിയമത്തിന് ഉദ്ദേശ്യശുദ്ധിയുണ്ട്. പക്ഷേ, അതിന് ദുർവിനിയോഗ സാധ്യതയുണ്ടെന്നു കണ്ടാൽ മാറ്റംവരുത്തുകയാണു വേണ്ടത്. സദുദ്ദേശ്യപരമായ തീരുമാനവുമായി മുന്നോട്ടുപോകുമ്പോൾ പരിമിതികൾ ചൂണ്ടിക്കാണിച്ചാൽ തിരുത്തലുകൾ വരുത്തുന്നത് നല്ല മാതൃകയാണ്.
‘മിസ’ പോലുള്ള കരിനിയമങ്ങൾ പലതുമുണ്ടായിട്ടുണ്ട്. അതിന്റെ ഇരകൾ കമ്യൂണിസ്റ്റുകാരും ഇടതുപക്ഷവുമാണ്. പിണറായിയും കോടിയേരിയും അത്തരം നിയമത്തിന്റെ ഇരകളായി തടവിൽക്കിടന്നവരാണ്.
(ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ ഈ വിഷയത്തിലുള്ള സംവാദം ഇവിടെ നിർത്താമെന്നായിരുന്നു മറുപടി)
* ബാർക്കോഴ ഇപ്പോൾ ഒരു കേസല്ല എന്ന നിലപാടിൽ മാറ്റമുണ്ടോ?
= അങ്ങനെയൊന്ന് മുമ്പ് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ മറുപടിയും വേണ്ടാ. ബാർ മുതലാളിമാർ പണം കൊടുത്തവരുടെ പട്ടികയിൽ എൽ.ഡി.എഫിലെ ആരുമില്ല. പണം വാങ്ങിയത് കൃത്യമായ അഴിമതിയാണ്.
* കെ.എം. മാണിക്കെതിരായ ആരോപണത്തെക്കുറിച്ച്?
= അദ്ദേഹം നിര്യാതനായി. നിര്യാതരായവരെക്കുറിച്ച് സംവാദമില്ല. അത് സമൂഹം കാത്തുസംരക്ഷിക്കുന്ന മാന്യതയാണ്.
യു.ഡി.എഫ്. മുദ്രാവാക്യം
‘അഴിമതിക്കെതിരേ ഒരു വോട്ട്’ എന്ന യു.ഡി.എഫ്. മുദ്രാവാക്യം പരിഹാസ്യമാണ്. ഒരു മുൻമന്ത്രിയും ഒരു എം.എൽ.എ.യും അഴിമതിക്കേസിൽ അറസ്റ്റിലാണ്. പ്രതിപക്ഷനേതാവിനെതിരേപ്പോലും അഴിമതിയാക്ഷേപങ്ങൾ പുറത്തുവരുന്നു. എൽ.ഡി.എഫിലെ ഒരു മന്ത്രിക്കെതിരേയും ആനിലയ്ക്ക് ആക്ഷേപമില്ല. ഇടതുസർക്കാർ ഒരു കേസിലും ഇടപെട്ടില്ല. അത്തരമൊരു രീതി മുഖ്യമന്ത്രിക്കുമില്ല.
അവകാശവാദം
ഇടതുമുന്നണി മികവാർന്ന വിജയം നേടും. അനുഭവത്തിൽനിന്നാണ് ഈ സർക്കാരിന്റെ ഭരണനേട്ടം ജനങ്ങളറിയുന്നത്. മഹാമാരിക്കാലത്തുപോലും ജനങ്ങളെ പട്ടിണിക്കിടാതെ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തി. ഇതെല്ലാം എൽ.ഡി.എഫിന് അനുകൂലമായ ജനാഭിപ്രായമുണ്ടാക്കും.