പാലക്കാട്: സ്ഥാനാർഥികളുടെ ഓൺലൈൻ പ്രചാരണത്തിന്റെ കണക്കെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് തലവേദനയാകും. സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം കൊഴുപ്പിക്കാനാണ് സ്ഥാനാർഥികളുടെ ശ്രമം. എന്നാൽ ഇത് എത്രത്തോളമാകാമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.
നാമനിർദേശ പത്രികയ്ക്കൊപ്പം സ്ഥാനാർഥിയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ ഐ.ഡിയും നൽകേണ്ടതുണ്ട്. ചെലവ് സമർപ്പിക്കുമ്പോൾ ഈ അക്കൗണ്ടുകളും പരിശോധിക്കും. എന്നാൽ നിലവിൽ ഫെയ്സ്ബുക്ക് മാത്രമേ പരിശോധിക്കാനുള്ള സൗകര്യമുള്ളൂ. ഇൻസ്റ്റഗ്രാം, വാട്‌സാപ്പ്, ടെലിഗ്രാം, ട്വിറ്റർ, സ്ഥാനാർഥികളുടെ പേരിലും അല്ലാതെയുമുള്ള വ്യാജഅക്കൗണ്ടുകൾ അടക്കമുള്ളവയിലെല്ലാം പ്രചാരണം പലതരത്തിലും നടക്കുന്നുണ്ട്. ഇവയെല്ലാം കണക്കിൽ ഉൾപ്പെടുത്താനുള്ള സാധ്യത വിരളമാണ്.
അരലക്ഷത്തിലധികം ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ
കണക്കു പ്രകാരം പഞ്ചായത്തുകളിലും നഗരസഭകളിലും മാത്രം കുറഞ്ഞത് അരലക്ഷം സ്ഥാനാർഥികളുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ പരിശോധിക്കേണ്ടി വന്നേക്കാം. ഇതിലും ഇരട്ടി മറ്റ് സാമൂഹിക മാധ്യമങ്ങളുമുണ്ട്. ഫെയ്സ് ബുക്ക് ഒഴികെയുള്ള സാമൂഹിക മാധ്യമങ്ങൾവഴി ശബ്ദ സന്ദേശങ്ങളായും ഹ്രസ്വ വീഡിയോകളായും സ്ഥാനാർഥികൾ പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതിൽ 80 ശതമാനവും തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്കിൽ ഉൾപ്പെടുന്നില്ലെന്നാണ് വിലയിരുത്തൽ.