പത്തനംതിട്ട: ലോക്ഡൗണിൽ അടച്ചിട്ടിരുന്ന ബാർബർഷോപ്പുകൾ തുറന്നിട്ട് കുറച്ച് ദിവസങ്ങളേ ആയുള്ളൂ. കോവിഡ് വ്യാപനഭീതിയിൽ നിരവധി മുൻകരുതലുകളിലാണ് ഇവ പ്രവർത്തിക്കുന്നത്. മുടിവെട്ടാനെത്തുന്നവർ കഴുത്തിനുതാഴെ ശരീരം മറയ്ക്കാൻപറ്റിയ മുണ്ടോ ഷീറ്റോ കൂടെ കരുതണം എന്നാണ് നിർദേശം. ഇത് പാലിക്കുന്നവർ കുറവ്. സ്വാഭാവികമായും ഷോപ്പുകളിലുള്ള ഷീറ്റുകൾ ഉപയോഗിക്കാൻ നിർബന്ധിതരാകും.

പ്രശ്നത്തിന് ‘സിംപിൾ സൊല്യൂഷൻ’ മുന്നോട്ടുവെക്കുകയാണ്, നിരവധി പ്രമുഖരുടെ ഹെയർ സ്റ്റൈലിസ്റ്റായ വെൺമണി സുരേഷ്. എം.എൽ.എ.മാരും മന്ത്രിമാരുംമുതൽ ഗാനഗന്ധർവൻ കെ.ജെ.യേശുദാസ്, ചലച്ചിത്രതാരം ജയസൂര്യവരെ നീളുന്നു വെൺമണി സുരേഷിന്റെ കസ്റ്റമർമാരുടെ നിര.

ദേഹത്ത് പുതയ്ക്കുന്ന മുണ്ടിനുപകരം പഴയ നാല് പത്രക്കടലാസുണ്ടെങ്കിൽ കാര്യം റെഡി എന്നാണ് സുരേഷ് പറയുന്നത്. അടുത്തിടെ തന്നെത്തേടിയെത്തിയ പ്രമുഖരടക്കമുള്ളരുടെ മുടി മുറിക്കുമ്പോൾ സുരേഷ് ഉപയോഗിച്ചത് പത്രക്കടലാസ് തുന്നിക്കെട്ടിയ ആവരണങ്ങളാണ്. ആരോഗ്യസുരക്ഷയുടെ കാര്യത്തിൽ മാത്രമല്ല, ചെലവിനത്തിലും ഇത് ലാഭമാണെന്ന് സുരേഷ് കണക്കുനിരത്തുന്നു. ഒരാൾക്കുള്ള കടലാസ് ആവരണത്തിന് 70 ഗ്രാം തൂക്കമേവരൂ. ഒരുകിലോ പഴയ പത്രക്കടലാസുകൊണ്ട് 14 പേരുടെ മുടിവെട്ട് നിർവഹിക്കാം. വെട്ടുന്ന മുടി മുണ്ടിലോ ഷീറ്റിലോ എന്നപോലെ കടലാസ് ആവരണത്തിൽ തങ്ങിനിൽക്കില്ല; താഴേക്ക് വീഴും.

ഡിസ്പോസിബിളായ ആവരണമാണ് കോവിഡ് കാലത്ത് ബാർബർ ഷോപ്പുകളിൽ ആവശ്യമെന്ന് സുരേഷ് പറയുന്നു. ഇടുക്കിയിലെ വെൺമണി സ്വദേശിയായ സുരേഷ് 35 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. കുറച്ചുകാലമായി തിരുവല്ലയിലാണ്. ലോക്ഡൗൺ ഇളവുകൾക്കുശേഷം നിരവധി വി.ഐ.പി. കസ്റ്റമർമാർ മുടി വെട്ടാൻ സുരേഷിനെത്തേടി തിരുവല്ലയിലെത്തുന്നുണ്ട്. കടലാസ് ആവരണം ധരിപ്പിച്ച് താൻ ആദ്യം മുടിമുറിച്ചത് മോൻസ് ജോസഫ് എം.എൽ.എ.യുടേതാണ്. ബാർബർ ഷോപ്പുകൾ നടത്തുന്ന സുഹൃത്തുക്കളോടും ബന്ധുക്കളോടും ഈ രീതിയിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്-സുരേഷ് പറയുന്നു.

കോവിഡ് വ്യാപനം തടയാൻ ബാർബർ ഷോപ്പുകളിൽ എക്സോസ്റ്റ്‌ ഫാനുകൾ നിർബന്ധമായും വേണം. ഒരുസെറ്റ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ മറ്റുസെറ്റുകൾ നിർബന്ധമായും അണുവിമുക്തമാക്കാൻ വെക്കണം. മുടിവെട്ടുന്നവർ ഏപ്രണും കൈയുറകളും ധരിക്കണം. ദിവസവും കടകൾ അണുവിമുക്തമാക്കണം. കസ്റ്റമർമാർ മുൻകൂട്ടി അറിയിെച്ചത്തുകയാണ് ഉചിതം. അപ്പോൾ ഷോപ്പുകളിൽ എത്തി കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകും.

കസ്റ്റമർമാരോടുള്ള സുരേഷിന്റെ പ്രധാന ഉപദേശം മറ്റൊന്നാണ്-മുടിവെട്ടുമ്പോൾ സംസാരം പൂർണമായും ഉപേക്ഷിക്കുക.